തിരുവനന്തപുരം: കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിര്‍ദ്ദേശവും നല്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഏപ്രിൽ 27ന് പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്ന് സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കോവിഡ് കണക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഏപ്രിലില്‍ മാസ്ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു. പക്ഷേ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2500ന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികള്‍. ഈ പശ്ചാത്തലത്തിലാണ് മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി കടുപ്പിക്കാന്‍ എഡിജിപി തീരുമാനിച്ചത്.