ഗാർലാൻഡ് (ഡാളസ്): ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച വിദേശ മലയാളിയും ഡാളസിലെ സ്ഥിരം താമസക്കാരനുമായ ജോസഫ് ചാണ്ടിയുടെ ജീവചരിത്രവും അദ്ദേഹം രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പൂർണ്ണരൂപവും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ “കനിവിന്റെ സൂര്യതേജസ്” പുസ്തകത്തിൻറെ നാലാം പതിപ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
ജൂൺ 27ന് വൈകിട്ട് ഗാർലാൻഡ് പാർക്‌ലാന്റിൽ ചേർന്ന സമ്മേളനത്തിൽ പുസ്തകത്തിൻറെ ഒരു കോപ്പി കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് നൽകി കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിർവഹിച്ചു.
മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ സ്വാഗതമാശംസിച്ചു.
അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ടായി സ്വന്തം സമ്പാദ്യത്തിന്റെ സിംഹഭാഗവും ‘ഇന്ത്യൻ ജീവകാരുണ്യ ട്രസ്ററ്’ രൂപീകരിച്ച് വിതരണം ചെയ്യുക എന്നത് ഒരു പുണ്യ പ്രവർത്തിയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പി പി ചെറിയാൻ ചൂണ്ടിക്കാട്ടി.
കേരളമുൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ധനസഹായം സ്വന്തം അക്കൗണ്ടിൽ നിന്നും നൽകിയ ജീവകാരുണ്യ പ്രവർത്തകനായ ജോസഫ് ചാണ്ടിയുടെ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളികൾക്ക് മാതൃകയാണെന്ന് പുസ്തക പ്രകാശന കർമ്മം നിർവഹിച്ച മുഖ്യാതിഥി സണ്ണി പാമ്പാടി പറഞ്ഞു.
ജോസഫ് ചാണ്ടിയുടെ ജീവചരിത്രം വരുംതലമുറയ്ക്ക് വലിയൊരു നിധിയായും,ഉത്തേജനമായും തീരട്ടെ എന്ന് ഡാളസ് കേരള അസോസിയേഷൻ പ്രസിഡൻറ് ഹരിദാസ് തങ്കപ്പൻ പുസ്തകത്തിൻറെ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് ആശംസിച്ചു .
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കൽ ആശംസകളർപ്പിച്ച് സംസാരിച്ചു. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന പ്രയോഗം ജോസഫ് ചാണ്ടിയെ കുറിച്ച് പ്രസക്തമല്ലെന്നും, പരിസരങ്ങളിൽ മാത്രമല്ല ലോകത്താകമാനം സുഗന്ധം പരത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും മാളിയേക്കൽ പറഞ്ഞു.
കഴിഞ്ഞ 25 വർഷത്തിലധികമായി നടത്തുന്ന ഈ ട്രസ്റ്റിൽ നിന്നും കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഏകദേശം 10 കോടി 79 ലക്ഷം രൂപ വിതരണം ചെയ്യുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സി. ജോസഫ് ചാണ്ടി പറഞ്ഞു . ഇത്രയൊക്കെ കാര്യങ്ങൾ ചെയ്യുന്നതിന് എല്ലാ ജില്ലകളിലും സഹകരണം നൽകുന്ന നിസ്വാർത്ഥരായ പ്രവർത്തകർ, കോളേജ് പ്രിൻസിപ്പൽമാർ, പ്രൊഫസർമാർ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, അദ്ധ്യാപകർ എന്നിവർക്ക് ജോസഫ് ചാണ്ടി നന്ദി അറിയിച്ചു. ഇതിന്റെ പുറകിൽ ദൈവാനുഗ്രഹവും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സഹായം മാത്രമല്ല കേരളത്തിലെ അനാഥാലയങ്ങൾ, സാധു യുവതികളുടെ വിവാഹം, സ്വയം തൊഴിൽ പദ്ധതികൾ, ഭവന നിർമ്മാണം, ചികിത്സ എന്നിവയ്ക്കും തന്നാലാവുന്ന സഹായം ചെയ്യുന്നുണ്ടെന്ന് ജോസഫ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ജോസഫ് ചാണ്ടിയുടെ ജീവിതരേഖ “കനിവിന്റെ സൂര്യതേജസ്സ്” പുസ്തകമാക്കിയത് ഡോ എം ആർ ഗോപാലകൃഷ്ണൻ നായരാണ്. ജോസഫിനോടൊപ്പം കേരളം മുഴുവൻ യാത്ര ചെയ്താണ് ഈ യത്നം പൂർത്തീകരിച്ചത്. കൂരോപ്പട കേന്ദ്രീകരിച്ചുള്ള കണികാ പബ്ലിക്കേഷൻ ആയിരുന്നു പ്രസാധകർ.
ജോസഫ് ചാണ്ടി അനുമോദനങ്ങൾക്ക് ഉചിതമായ മറുപടി നൽകി പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. ചടങ്ങിൽ കേരള അസോസിയേഷൻ സ്ഥാപക നേതാവ് ഐ വർഗീസ്, കോശി പണിക്കർ, സെന്റ് തോമസ് സീറോ മലബാർ ചർച് ട്രസ്റ്റി ജിമ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.