വാഷിംഗ്ടണ്‍: അര നൂറ്റാണ്ടിലധികമായി അമേരിക്കന്‍ ജനത ഭരണഘടനാ വിധേയമായി നടത്തിയിരുന്ന ഗര്‍ഭഛിദ്രം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുപ്രീം കോടതി നീക്കം ചെയ്തത്, മറ്റു പല ഭരണഘടനാവകാശങ്ങളും എടുത്തു മാറ്റുന്നതിനുള്ള മുന്നറിയിപ്പായിരിക്കാമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമലയുടെ അഭിപ്രായ പ്രകടനം.
ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന റോ v/s വെയ്ഡ് നിയമം നീക്കം ചെയ്ത സുപ്രീം കോടതി ജഡ്ജി ക്ലാരന്‍സ് തോമസ് ഈയിടെ നടത്തിയ പ്രസ്താവന അതിന്റെ സൂചനയാണെന്ന് കമല കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്ര നിയമത്തിന് സമാനമായ സ്വവര്‍ഗ വിവാഹം പോലുള്ള നിയമങ്ങളെക്കുറിച്ചു പുനര്‍ചിന്തനം വേണ്ടിവരുമെന്നാണ് ക്ലാരന്‍സ് പറയുന്നത്.
സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ അമേരിക്കയിലെ 13 സംസ്ഥാനങ്ങളാണ് ഗര്‍ഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിയമ നിര്‍മ്മാണത്തിനുള്ള ഉത്തരവിറക്കിയത്.
രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുന്ന കമലാ ഹാരിസ് ഈ വര്‍ഷം നവംബറില്‍ നടക്കുന്ന
ഇടക്കാല തിരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ചക്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കമല ഹാരിസ് ഗര്‍ഭഛിദ്രാവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു.
സുപ്രീം കോടതി ഗര്‍ഭഛിദ്രാവകാശത്തിന് അനുമതി നിഷേധിച്ചുകൊണ്ടു പുറത്തിറക്കിയ ഉത്തരവ് തന്നെ ഞെട്ടിച്ചതായി കമലാ ഹാരിസ് പറഞ്ഞു. സ്ത്രീകള്‍ അനുഭവിച്ചു വന്നിരുന്ന അവകാശത്തിന്മേലാണ് സുപ്രീം കോടതി കൈവെച്ചിരിക്കുന്നതെന്ന് പറയുന്നതിനും കമലാ ഹാരിസ് മടിച്ചില്ല.