ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കരുത് : ലീലാ മാരേട്ട്

ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കി മാറ്റരുതെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട്. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുമ്പോൾ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗം പണക്കൊഴുപ്പിന്റേയും, ചതിയുടെയും, ചാക്കിട്ട് പിടുത്തത്തിന്റേയും വേദിയാക്കി മാറ്റി ഫൊക്കാനയുടെ അന്തസിനു തന്നെ കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കാണുന്നത്. മൂന്നാം കിട രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളെക്കാൾ കഷ്ടമാണ് കാര്യങ്ങൾ. ഇത്തരം പ്രവൃത്തികൾക്ക് ഫൊക്കാനയെ സ്നേഹിക്കുന്നവർ കൂട്ടുനിൽക്കരുത്. കാരണം ഫൊക്കാന ഒരു ജനകീയ പ്രസ്ഥാനമാണ്. നിരവധി സംഘടനകൾ ചേർന്ന ഒരു സംഘടന . അതിന്റെ അടിത്തറ സ്നേഹത്തിലും സാഹോദര്യത്തിലും പടുത്തുയർത്തിയതാണ്. പണാധിപത്യം കടന്നു കൂടുന്ന ഏതൊരു സംഘടനയെയും പോലെ ഫൊക്കാനയും ഹൈജാക്ക് ചെയ്യപ്പെടും . കഴിഞ്ഞ രണ്ട് വർഷം മുൻപ് നമ്മൾ അത് കണ്ടതാണ്. അതിന്റെ പ്രതിസന്ധികളിൽ നിന്നാണ് പുതിയ കമ്മിറ്റിയെ ഇലക്ഷൻ പോലും ഇല്ലാതെ സ്വയം അവരോധിക്കപ്പെട്ടത്. ഇത്തരം ജനാധിപത്യമല്ലാത്ത പ്രക്രിയകൾ ഇനിയും ഈ സംഘടനയിൽ ഉണ്ടായിക്കൂടാ. ഒരു പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിക്ക് കീഴിൽ പ്രഖ്യാപിച്ച മറ്റു സ്ഥാനാർത്ഥികളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുപ്പിക്കുക തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ നന്മ തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുമ്പോൾ പ്രതികരിക്കാതിരിക്കാനാവുന്നില്ല. പഴയ തലമുറ നേതാക്കളെ അപ്പാടെ ഒഴിവാക്കി ഒരു കോർപ്പറേറ്റ് സംവിധാനം ഫൊക്കാനയിൽ കൊണ്ടുവരുന്നത് ആശാസ്യമല്ല. അത് പഴയ തലമുറയിലെ നേതാക്കൾക്ക് വഴിയെ മനസിലാകുമെന്നും ലീലാ മാരേട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പ് രംഗത്ത് താൻ ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ ഇരുപത് വർഷമായി ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്ന തനിക്ക് ഫൊക്കാനയുടെ അടുത്ത ഭരണ സമിതിയുടെ പ്രസിഡന്റ് ആകാൻ യോഗ്യതയുണ്ട്. തന്നെയും ടീമിനെയും ജയിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഫൊക്കാനയുടെ ഓരോ പ്രവർത്തകർക്കും ഉണ്ട്. അത് ഫൊക്കാന അംഗങ്ങൾ വിനിയോഗിക്കും എന്നുറപ്പുണ്ട്. ലീലാ മാരേട്ട് പറഞ്ഞു.

Print Friendly, PDF & Email

One Thought to “ഫൊക്കാനാ തെരഞ്ഞെടുപ്പ് പ്രചരണം പണക്കൊഴുപ്പിന്റെ വേദിയാക്കരുത് : ലീലാ മാരേട്ട്”

  1. സിസിലി ചെറിയാന്‍

    യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത ഒരു വാര്‍ത്തയാണിത്. ദയവു ചെയ്ത് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പത്രാധിപര്‍ വിട്ടു നില്‍ക്കണം. ലീലാ മാരേട്ട് ഈ പ്രസ്താവനയിറക്കിയ അതേ ദിവസം തന്നെ റോക്ക്‌ലാന്റില്‍ ഇവര്‍ പറയുന്ന “പണക്കൊഴുപ്പുള്ള” വരുടെ കൂടെയുണ്ടായിരുന്നു. വിവിധ പോസുകളില്‍ ചിരിച്ചും സൊറ പറഞ്ഞും മറ്റുമുള്ള ഫോട്ടോകളും പുറത്തു വന്നു… പിന്നെ എന്താ പ്രശ്നം? വാക്കിന് വ്യവസ്ഥയില്ലാത്തവര്‍ നേതൃത്വ സ്ഥാനങ്ങളിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം

Leave a Comment

More News