തിരുവനന്തപുരം: കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസുകാരാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. പക്ഷേ, പുത്ര/പുത്രി സ്നേഹത്താൽ അന്ധരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ നാടായി കേരളം മാറുകയാണ്. കമ്മ്യൂണിസത്തിന്റെ തീക്കനൽ അണയാതെ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിൽ മക്കളോടുള്ള വാത്സല്യത്താൽ ആക്ഷേപം ഏറ്റുവാങ്ങിയ രണ്ട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെയാണ് അടുത്തിടെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തങ്ങളുടെ മക്കളുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന ഹീനമായ ആരോപണങ്ങളുടെ നടുവിലാണ്. സിപിഎം ഭരിക്കുമ്പോൾ പാർട്ടി സെക്രട്ടറിയുടെ മകൻ കൂലിപ്പണിക്ക് പോയ നാടാണ് കേരളം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം നേതാക്കൾ പിന്തുടരുന്ന വലിയ കാര്യങ്ങളിലൊന്ന് മക്കളെ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് അകറ്റി നിർത്തുക എന്നതായിരുന്നു. ജ്യോതി ബസുവും മണിക് സർക്കാരും ഇക്കാര്യത്തിൽ മാതൃക കാട്ടിയിട്ടുണ്ട്.
കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ നായനാർ അധികാരത്തിൽ വന്നതോടെ അൽപം മാറി. നായനാരുടെ മകൻ കൃഷ്ണകുമാറിന്റെ കാലം ആരംഭിച്ചതോടെ നേതാക്കളുടെ മക്കൾ ഭരണത്തിൽ ഇടപെടാൻ തുടങ്ങി. എന്നാൽ, വിഎസിന്റെ കാലത്ത് അത് പരസ്യമായി. അധികാരത്തിന്റെ ഇടനാഴികളിലെ നിരന്തര സാന്നിധ്യമായിരുന്നു മകൻ വി.എ. അരുൺ കുമാർ. അന്ന് സി.പി.എം വിഭാഗീയതയുടെ ഭാഗമായി അധികാരത്തിന്റെ ഇടനാഴിയിലെ അരുണ് കുമാറിന്റെ ഇടപെടലുകളെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന് പിണറായി പക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മകൻ എന്നതിനു പകരം മകള്‍ ആയി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനാണ് എങ്ങും ചർച്ചയാകുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെയാണ് ഇതിന് കൂടുതൽ പ്രചാരം ലഭിച്ചത്. വി.എസ് കത്തിനില്‍ക്കുമ്പോൾ മകൻ അഗ്നിപര്‍വ്വതം പോലെയായിരുന്നു. അത് ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നു, പുകയും ചാരവും ലാവയും തുപ്പുന്നു. വിഎസിന്റെ പ്രതിച്ഛായ തകർക്കാൻ എതിരാളികൾ ഉപയോഗിച്ചത് മകനെയാണ്. വിഎസ് ആകട്ടേ മകനെ അധികാര രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചതുമില്ല.
അരുണ്‍കുമാര്‍ എന്ന വ്യക്തിയുടെ പേര് ആദ്യമായി ഒരു അഴിമതിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത് കേരളത്തില്‍ എറ്റവും ബഹുമാനിക്കപ്പെടുന്ന വ്യവസായിയും കെല്‍ട്രോണിന്റെ പിതാവ് എന്നപേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധനുമായ കെ.പി.പി. നമ്പ്യാരുമായി ബന്ധപ്പെട്ടാണ്. നമ്പ്യാരുടെ ആത്മകഥയില്‍ അരുണിന് എതിരെ വന്ന പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്റ്റീജ് പദ്ധതിയായിരുന്നു കണ്ണൂര്‍ പവര്‍ പ്രോജകറ്റ്. ഇതിന്റെ മാത്തം ചെലവായ 1500 കോടിരൂപയുടെ അഞ്ചുശതമാനമായ 75 കോടിരൂപ അരുണ്‍ കൈക്കൂലിയായി അവശ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘സഫലം കലാപഭരിതത്തില്‍’ എഴുതി.
ആരോപണം വലിയ കോളിളക്കം ഉണ്ടാക്കി. ഇത് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട്, അരുണ്‍കുമാര്‍ അദ്ദേഹത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കെ.പി.പി. നമ്പ്യാര്‍ അത് പിന്‍വലിച്ചില്ല. മാപ്പും പറഞ്ഞില്ല. തുടര്‍ന്ന് നമ്പ്യാര്‍ക്കെതിരെ അരുണ്‍ മാനനഷ്ടക്കേസിന് പോയി. ആ കേസ് നടക്കുന്ന സമയത്ത്, നമ്പ്യാര്‍ കോടതിയെ അഭിമുഖീകരിക്കാന്‍ തയ്യാല്ലെന്ന് ഭാര്യ, വക്കീലായ കേളുനമ്പ്യാരെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് രാജിയായി. തുടര്‍ന്ന് വരുന്ന പുസ്തകത്തിന്റെ കോപ്പികളില്‍ ആ ആരോപണം ഉണ്ടാവില്ലെന്ന് കേളു നമ്പ്യാര്‍ അരുണ്‍കുമാറിന് വാക്ക് നല്‍കകയും, പിന്നീട് പുസ്തകത്തില്‍നിന്ന് അത് നീക്കം ചെയ്യുകയും ചെയ്തു.
പിന്നീട് അച്യുതാനന്ദന്റെ മകനെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെട്ടത് 2011ലെ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു. 2011 മാര്‍ച്ച് ഒന്നിന്ന് അരുണ്‍കുമാറിനെതിരെ 11 ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി അച്യുതാനന്ദന് കത്ത് നല്‍കതിയത്. ഓണ്‍ലൈന്‍ ലോട്ടറിവിഷയത്തില്‍ സബിഐ അന്വേഷണം ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രി കാട്ടിയ അനാസ്ഥയുടെ പിന്നില്‍, അരുണ്‍കുമാറിന്റെ താത്പര്യവും സ്വാധീനവുമാണെന്നായിരുന്നു ആദ്യ ആരോപണം. അതില്‍ എട്ടാമതായി തന്നെ അരുണ്‍കുമാറിന്റെ ഭാര്യ ഡോ. രജനി ബാലചന്ദ്രനുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണവും ഉന്നയിക്കുന്നുണ്ട്.
അരുണ്‍കുമാറിന്റെ ഭാര്യ ഡയറട്കറായ ചെറി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഓണ്‍ലൈന്‍ ലോട്ടറി ബിസിനസ് നടത്തിയിരുന്നെന്നായിരുന്നു ആ ആരോപണം. അന്ന് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി കാലമാണ്. അതുകൊണ്ടുതന്നെ അരുണ്‍കുമാറിറെ ഭാര്യക്ക് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധം എന്ന രീതിയലായി മാധ്യമ വാര്‍ത്തകള്‍. ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മറ്റുള്ളവരുമായി അരുണ്‍കുമാറിനുള്ള ബിസിനസ് ബന്ധങ്ങള്‍ അന്വേഷിക്കണം എന്നും ഉമ്മന്‍ ചാണ്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഏതായാലും ആരോപണങ്ങളെ തുടര്‍ന്ന് രജനി ബാലചന്ദ്രന്‍ ആ സ്ഥാനം ഒഴിഞ്ഞു.
അരുണ്‍കുമാര്‍ ഐച്ച്ആര്‍ഡിയില്‍ അഡീഷണല്‍ ഡയറ്കടറായി തൊഴില്‍ എടുക്കുമ്പോള്‍ കേരള സര്‍വകലാശാലയില്‍ ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ പിഎച്ച്ഡിക്ക് അപേക്ഷിച്ചത് എഴ് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടെന്ന്്് വ്യാജ രേഖ ചമച്ചിട്ടായിരുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. ഇതും കയര്‍ഫെഡ് അഴിമതി, ഐഎച്ച്ആര്‍ഡി നിയമനം, അനധികൃത വിദേശയാത്രകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഉമ്മന്‍ ചാണ്ടി പരാതി കൊടുത്ത്. സിപിഎമ്മില്‍ വിഎസ് യുഗം അവസാനിക്കുകയും പാര്‍ട്ടിയിലും കേരളത്തിലും പിണറായിസം പിടിമുറക്കുകയും ചെയ്തതോടെ അരുണ്‍കുമാറും വിവാദങ്ങളില്‍നിന്ന് പുറത്തായി.
അന്ന് വിഎസിന്റെ മകനാണ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതെങ്കില്‍ ഇന്ന് പിണറായിയുടെ മകള്‍ വീണ വിജയനെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത്. പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രര്‍ ആയിപ്പോവുകയാണ് വിഎസ് ചെയ്തയെങ്കില്‍ പിണറായി പുത്രി വാത്സല്യത്തില്‍ അന്ധനായിപ്പോയതായി പൊതുജനം കരുതുന്നുണ്ട്. കോവിഡിന്റെ ആരംഭം മുതല്‍ മകളുമായി ബന്ധപ്പെട്ട് പിണറായി ആരോപണശരങ്ങളുടെ നടുവിലാണ്.
കൊവിഡ് കാലത്ത് സ്പ്രിംഗ്ലർ വിഷയം തുടങ്ങിയതു മുതൽ വീണ വിജയൻ ടാബ്ലോയിഡുകളിൽ നിറയാൻ തുടങ്ങി. പിന്നീടുള്ള സ്വർണക്കടത്ത് വീണയെ കുറച്ചുകാലം പത്രങ്ങളിൽ നിന്ന് അകറ്റിയെങ്കിലും സ്വപ്ന സുരേഷ് വീണയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. സ്പ്രിംഗ്ളർ മുതൽ ഷാർജ ഷെയ്ഖിന്റെ സ്വീകരണം വരെ പിണറായിക്കെതിരെ നിരവധി കഥകളാണ് എതിരാളികൾ തൊടുത്തുവിടുന്നത്. എന്തായാലും ചരിത്രം ഒരു പ്രഹസനമായി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.