പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർഥാടകരുടെ ദുഷ്‌കരമായ പാത തീര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഗൂർഖാ ജീപ്പ് ആംബുലൻസുകൾക്കായി നീലമല പാതയിൽ കല്ല് വിരിച്ചത് ശബരിമല യാത്ര ഭക്തർക്ക് ദുഷ്‌കരമായിരിക്കുകയാണ്. പമ്പ മുതൽ ശരംകുത്തി വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിൽ പരമ്പരാഗത പാതയിലെ പടവുകളെല്ലാം മാറ്റി രണ്ടടി വീതിയിൽ കല്ലുകൾ പാകിയിട്ടുണ്ട്.
പ്രതലം പരുക്കനല്ലാത്തതിനാൽ മലകയറ്റം ദുഷ്‌കരമാണ്. തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അടിയന്തര ഘട്ടങ്ങളിൽ നീലിമല, അപ്പാച്ചിമേട് റോഡിൽ ഫോഴ്‌സ് ഗൂർഖ ജീപ്പ് ആംബുലൻസുകൾ സുഗമമാക്കാനാണ് ഭക്തർക്ക് ആശ്വാസമായിരുന്ന പടിക്കെട്ടുകള്‍ ഒഴിവാക്കിയത്. നിലവിൽ നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെയും ചന്ദ്രാനന്ദൻ റോഡിലൂടെയും ട്രാക്ടറുകളും ഗൂർഖ ജീപ്പുകളും സന്നിധാനത്ത് എത്തിയിരുന്നത്.
കുത്തനെയുള്ള നീലിമല- അപ്പാച്ചിമേട് പാതയില്‍ തിരക്കുള്ള സമയത്ത് ജീപ്പ് ഓടിക്കുന്നത് സാഹസികമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രാചാരസംരക്ഷണസമിതി പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി. ശബരിമല ആറാട്ടിന് പമ്പയിലേക്കുള്ള എഴുന്നള്ളിപ്പ് ആനപ്പുറത്താണ്. കല്ലുപാകിയ പാതയിലൂടെ മലയിറങ്ങാന്‍ ആനയ്ക്കു കഴിയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സന്നിധാനത്തേക്ക് സാധനങ്ങള്‍ എത്തിക്കാനും മറ്റും റോപ് വേ പരിഗണനയിലാണ്. വനംവകുപ്പിന്റെ അനുവാദം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. അടിയന്തരഘട്ടത്തില്‍ സന്നിധാനത്ത് നിന്ന് ഭക്തരെ പമ്പയിലെത്തിക്കാനും റോപ് വേ ഉപകരിക്കും. എന്നാല്‍ പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ റോപ് വേയ്ക്ക് സ്റ്റേഷന്‍ പോയിന്റ് ഇല്ലാത്തതിനാലാണ് ഗൂര്‍ഖ ജീപ്പ് ആംബുലന്‍സായി ഓടിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചിലവഴിച്ചാണ് കല്ലുപാകുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.