ഹൈലാന്റ് (ചിക്കാഗോ): സ്വാതന്ത്ര്യദിന റാലിക്കു നേരെ വീടിന്റെ ടെറസ്സില്‍ നിന്നും ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് 6 പേര്‍ മരിക്കുകയും 30 ല്‍ പരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരന്‍ റോബര്‍ട്ട് ഇ. ക്രിമൊ എന്ന യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെടളിപ്പെടുത്തിയിട്ടില്ല.
നോര്‍ത്ത് ചിക്കാഗോയില്‍ നിന്നും ഏകദേശം 25 മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഹൈലാന്റില്‍ സ്വാതന്ത്രദിനറാലിയില്‍ പങ്കെടുക്കുവാന്‍ കുട്ടികളും, യുവാക്കളും, മാതാപിതാക്കളും ഉള്‍പ്പെടെ വലിയൊരു ജനക്കൂ എത്തിയിരുന്നു. റാലിക്കു നേരെ വെടിയുതിര്‍ത്തതിനുശേഷം രക്ഷപ്പെട്ട വാനില്‍ സഞ്ചരിക്കുന്നതിനിടെ ട്രാഫിക്ക് സ്റ്റോപ്പില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ പ്രതി കീഴടങ്ങി.
വെടിയേറ്റവരില്‍ മുതിര്‍ന്ന അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 26 പേരെ ഹാന്റ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
സംഭവത്തെ പ്രസിഡന്റ് ബൈഡനും, പ്രഥമ വനിതയും അപലപിച്ചു. സ്വാതന്ത്യ ദിനത്തില്‍ ഇങ്ങനെ സംഭവിച്ചത് താങ്ങാനാവാത്ത വേദനയാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ പ്രസിഡന്റ് അഭിനന്ദിച്ചു. ചിക്കാഗൊ ഗവര്‍ണ്ണര്‍ ജൊബി പ്രിറ്റ്ങ്കറും സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു.