ഷിക്കാഗോ: ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു ആവശ്യപ്പെട്ടു. ആദ്യമായി ഷിക്കാഗോ സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രത്യേക ക്ഷണിതാക്കളുടെ ഡിന്നര്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ ഏറ്റവും അധികം താമസിക്കുകയും, ഏറ്റവും കൂടുതല്‍ ബിസിനസ് ഉടമകളും, പ്രത്യേകിച്ച് അനേകം ടെക്നോളജി കമ്പനികളും ഉള്ള നഗരങ്ങളില്‍ ഒന്നാണ് ഷിക്കാഗോ.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം പുരോഗതി കൈവരിച്ചു വരികയാണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ ടെക്നോളജി. ഹെല്‍ത്ത് കെയര്‍, സാമ്പാദ്യ- നിക്ഷേപ പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍, ഗവണ്മെന്റ് സര്‍വീസുകള്‍, ഐ.ടി, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ രംഗങ്ങളില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രസംഗിച്ചു.
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എ.എ.ഇ.ഐ.ഒ ബോര്‍ഡ് അംഗങ്ങള്‍ അംബാസിഡറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും സെപ്റ്റംബര്‍ 17-ന് നടക്കുന്ന യു.എസ്- ഇന്ത്യ ഗ്ലോബല്‍ സമ്മിറ്റിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുകയും ചെയ്തു.
മീറ്റിംഗില്‍ വച്ച് ഇന്ത്യന്‍ ഗവണ്മെന്റുമായി വിവിധ ടെക്നോളജി, ഇന്നവേഷന്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രത്യേക സെക്രട്ടറിയെ അദ്ദേഹം നിയോഗിക്കുകയും ചെയ്തു.