എറണാകുളം: യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പാലക്കാട് വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ അത് സംഘടനാപരമായി നടപടിയെടുക്കുമെന്നും, പരാതി പോലീസിന് കൈമാറുമെന്നും വി ഡി സതീശൻ അറിയിച്ചു.
ആരോപണവിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് ക്യാമ്പിലെത്തി ബഹളം വെച്ചതായാണ് വിവരം. അച്ചടക്കലംഘനത്തിന് അന്ന് നടപടിയെടുത്തു. പിന്നീടാണ് പെൺകുട്ടിയുടെ പരാതി പ്രചരിച്ചത്.
പെൺകുട്ടികളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. പരാതിയുണ്ടെങ്കിൽ എഴുതിവാങ്ങി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
‘എം.എൽ.എ സ്ഥാനവും രാജിവയ്ക്കണം’: ഭരണഘടനയ്ക്കെതിരായ അധിക്ഷേപത്തില്‍ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സജി ചെറിയാൻ വിഷയത്തിൽ, തുടർസമര പരിപാടികൾ ചർച്ചചെയ്ത് തീരുമാനമെടുക്കും. വിഷയത്തില്‍ സി.പി.എം അവരുടെ നിലപാട് വ്യക്തമാക്കണം.
സ്വപ്നയെ ജീവിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ തീരുമാനിക്കുന്നത് ശരിയല്ല. ശിവശങ്കർ ഇപ്പോഴും സർക്കാർ ശമ്പളത്തിലാണ്. സ്വപ്നയെ സർക്കാർ സമ്മർദത്തിലാക്കുന്നു. ക്രൈംബ്രാഞ്ചിനെതിരെയുള്ള സ്വപ്നയുടെ ആരോപണം ശ്രദ്ധിക്കേണ്ടതാണ്. അവരെ പുകച്ചു പുറത്തു ചാടിച്ചത് ശരിയല്ലെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.