കൊല്ലം: കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ആരംഭിച്ച മൈൻഡ് വാർസ് എന്ന ക്വിസ് സംരംഭത്തിന് കൊല്ലം ജില്ലയിൽ മികച്ച പ്രതികരണം. രസകരവും പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതുമായ ക്വിസ് പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും ബൃഹത്തുമായ വിജ്ഞാന പ്ലാറ്റ് ഫോമായ മൈൻഡ് വാർസ് ഒരുക്കുന്നത്. ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന ഈ വിജ്ഞാനാധിഷ്ടിത സംരംഭത്തിന് കേരളത്തിലെ ഒരു ജില്ലയിൽ നിന്നും മാത്രം ലഭിച്ചിരിക്കുന്ന ഈ മികച്ച പ്രതികരണം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.
കൊല്ലം നഗരത്തിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മൈൻഡ് വാർസ് മത്സരത്തിന് മികച്ച രീതിയിലുള്ള സ്വീകര്യതയാണ് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കു പുറമെ വിദ്യാഭ്യാസ രംഗത്തെ മറ്റ് സംരംഭകരും നൽകുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം കൊല്ലത്ത് 3000-ലധികം വിദ്യാർത്ഥികളാണ് മൈൻഡ് വാർസിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ ഇതിനോടകം തന്നെ ആയിരത്തിലധികം സ്കൂളുകളാണ് മൈൻഡ് വാർസിന് പിന്തുണ നൽകി കൊണ്ട് രംംഗത്തുള്ളത്.
സെന്റ് ജോൺസ് സ്കൂൾ, ശ്രീനാരായണ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, ടി.കെ.എം സെന്റിനറി പബ്ലിക് സ്കൂൾ എന്നിവ മൈൻഡ് വാർസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൊല്ലത്തെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലതാണ്. വിദ്യാർത്ഥികൾക്കു മാത്രമല്ല അധ്യാപകരും പ്രിൻസിപ്പൽമാരും ഉൾപ്പടെയുള്ളവർ മൈൻഡ് വാർസിന്റെ ഈ പ്രവർത്തനത്തിൽ സജീവമായി പങ്കുചേരുന്നു. “ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് വളരെയധികം വിജ്ഞാനപ്രദമായ പരിപാടിയാണ് മൈൻഡ് വാർസ് ക്വിസ്. വിഷയങ്ങൾ രസകരമാണെന്നതിനു പുറമെ രാജ്യത്തും ലോകമെമ്പാടും നടക്കുന്ന പ്രധാനപ്പെട്ടതും സമീപകാല സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നതുമായതിനാൽ അധ്യാപകർക്കും ഇത് വളരെ ഉപയോഗപ്രദമാണ്. മത്സരങ്ങളുടെ നിലവാരം കണക്കിലെടുത്ത് ഞങ്ങളുടെ വിദ്യാർത്ഥികൾ ഈ പ്ലാറ്റ്ഫോമിൽ സജീവമായി പങ്കെടുക്കുന്നുമുണ്ട്,” സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സൂസൻ പറഞ്ഞു.
2019-ലാണ് മൈൻഡ് വാർസിനു തുടക്കമായത്. സാമൂഹിക മാധ്യമങ്ങളിലൂടെ ക്വിസ് മത്സരങ്ങൾ സജീവമാക്കിയും, പങ്കെടുക്കുന്നവർക്ക് ദിവസേനെയും പ്രതിവാരവും സമ്മാനങ്ങൾ ഉറപ്പു വരുത്തുകയും വഴി കൂടുതൽ കുട്ടികളിലേക്ക് മൈൻഡ് വാർസ് എത്തിക്കഴിഞ്ഞു. സമ്മാനങ്ങൾ നേടുക എന്നതിലുപരി വിദ്യാർത്ഥികൾക്ക് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാകുന്നു എന്നത് സുപ്രധാനമാണ്. കൂടാതെ പെട്ടെന്ന് ഉചിത തീരുമാനങ്ങൾ എടുക്കാനും എതിരാളികളോട് സഹാനുഭൂതി പുലർത്താനും ആരോഗ്യകരമായ മാനസികാവസ്ഥ വികസിപ്പിക്കാനും വിദ്യാർത്ഥികൾ ഇതിലൂടെ പഠിക്കുന്നു.
പുതിയ കാര്യങ്ങൾ പഠിക്കാനുള്ള, ഒരിക്കലും അവസാനിക്കാത്ത ജിജ്ഞാസയും പുരോഗതിയോടുള്ള താൽപര്യവും ഉണ്ടാകുമ്പോഴാണ് വ്യക്തികൾ വേറിട്ടുനിൽക്കുന്നത്. നിലവിൽ മൈൻഡ് വാർസിന് രാജ്യത്തുടനീളം 3.5 കോടി വിദ്യാർത്ഥികളുടെ പിന്തുണയുണ്ട്. കൂടാതെ “ഇന്ത്യയെ സ്മാർട്ടാക്കുക” എന്ന ദൗത്യം നിറവേറ്റുന്നതിനുള്ള പാതയിൽ മികച്ചരീതിയിൽ മുന്നോട്ടു പോവുകയാണ് ഈ സംരംഭം. ഇന്ത്യയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആരംഭിച്ച ഈ നൂതന സംരംഭത്തിന് ഇന്ന് എല്ലാ സംസ്ഥാന, കേന്ദ്ര ബോർഡുകളിൽ നിന്നും പ്രാതിനിധ്യമുണ്ട്. 12 വ്യത്യസ്ത ഭാഷകളിലായി രണ്ട് ലക്ഷത്തിലധികം ഉള്ളടക്കങ്ങളുള്ള മൈൻഡ് വാർസ് ഇന്ന് 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളിലേക്കാണ് വിജയകരമായി എത്തിച്ചേർന്നിരിക്കുന്നത്.
“മൈൻഡ് വാർസ് പരിപാടിക്ക് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. ജീവിതത്തിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ കൂടുതൽ പ്രാപ്തരാക്കുന്നതാണ് ഡിബേറ്റ് ചാമ്പ്യൻഷിപ്പ് പോലെയുള്ള വിജ്ഞാന അധിഷ്ഠിത പ്രോഗ്രാമുകൾ,” സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഉമേഷ് കുമാർ ബൻസാൽ പറഞ്ഞു.
സമഗ്രമായ അറിവ് വളർത്തിയെടുക്കുന്നതിനുള്ള സമകാലിക മാർഗങ്ങളുടെ തുടക്കമാണ് മൈൻഡ് വാർസിന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ. വിദ്യാഭ്യാസത്തോടുള്ള ഈ ആധുനിക സമീപനം രാജ്യത്തുടനീളമുള്ള 691 (96.78%) ജില്ലകളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തവും രജിസ്ട്രേഷനും ആകർഷിക്കാൻ മൈൻഡ് വാർസിനെ പ്രാപ്തമാക്കിയിട്ടുണ്ട്. മൈൻഡ് വാർസിന്റെ ഇതുവരെയുള്ള വിജയത്തെ സൂചിപ്പിക്കുന്നതാണ് 31,829-ലധികം സ്കൂളുകളും 12010-ലധികം സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും ഇതിന്റെ ഭാഗമായി എന്നത്. നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒരു ജീവിത സാഹചര്യമാണ് നിലവിലെ വിദ്യാർത്ഥികൾക്കു ചുറ്റുമുള്ളത്. അതുകൊണ്ട് തന്നെ സമഗ്രമായ പഠന മൊഡ്യൂളുകളിൽ ഏർപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. വിദ്യാർത്ഥികളിൽ പഠനത്തോടുള്ള അഭിനിവേശം ഉണ്ടാക്കിയെടുക്കുമ്പോൾ അവരുടെ വളർച്ചയിൽ അത് ഏറെ ഗുണമാണ് ചെയ്യുക. എന്നാൽ അത് അവരിൽ ഒരിക്കലും ഒരു ബാധ്യതയാകുകയുമരുത്; പഠനം എന്നത് രസകരവും മനസ്സിനെ ഉത്തേജിപ്പിക്കുന്നതുമാകണം. ഈ ചിന്തയെ മുറുകെപ്പിടിച്ചാണ് മൈൻഡ് വാർസ് മുന്നേറുന്നത്.