കാസർഗോഡ്: ഗ്യാസ് കിട്ടാനില്ല… പെട്രോൾ കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കണം… സാമ്പത്തികമായി തകർന്നു… അഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് ശ്രീലങ്കയിൽ നിന്ന് കാസർകോട് എത്തിയ അബ്ദുല്ല മുഹമ്മദ് ഷാഫിയുടെ വാക്കുകളാണിത്. പതിനാല് വർഷമായി ശ്രീലങ്കയിൽ താമസിച്ചിരുന്ന ഷാഫി നോർത്ത് സെൻട്രലിൽ ഹോട്ടൽ നടത്തുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞതെന്ന് ഷാഫി പറയുന്നു.
ഗ്യാസ് ഇല്ല. ഹോട്ടലിൽ വരുന്നവരുടെ എണ്ണവും കുറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് തീപിടിച്ച വില. സുഹൃത്തിനൊപ്പം മെഡിക്കൽ ഷോപ്പ് തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇതോടെ ഷാഫി നാട്ടിലേക്ക് മടങ്ങി.
നാട്ടിലെത്തിയപ്പോൾ ഇനി എന്ത് എന്നതായി ചിന്ത. ഒടുവിൽ സുഹൃത്ത് പപ്പടക്കച്ചവടം നിർദേശിച്ചു. അങ്ങനെ ഷാഫി ചെമ്മനാട് പപ്പടക്കച്ചവടം തുടങ്ങി. ആദ്യം ബിസിനസ് പഠിക്കാം എന്ന ഉദ്ദേശം ആയിരുന്നെങ്കിലും ഇപ്പോൾ ജീവിത മാർഗമായി പപ്പടക്കച്ചവടം മാറി.
വില്പന ഏറിയും കുറഞ്ഞും നടക്കുന്നുണ്ട്. ശ്രീലങ്കയിലെ സുഹൃത്തുക്കൾ വിളിക്കുന്നുണ്ടെന്നും അവിടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഷാഫി പറയുന്നു. ഭക്ഷണത്തിന് പോലും ക്ഷാമം നേരിടുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞതായി ഷാഫി പറയുന്നു. ശ്രീലങ്കയിൽ പല മേഖലകളിലും മലയാളികളുണ്ട്. അവരുടെ ജീവിതവും പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.