ലവിംഗ്ടണ്‍ (ന്യൂമെക്സിക്കൊ): പതിനൊന്നു വയസ്സുള്ള മകന് ബ്രൂസ് ജൂനിയര്‍ കൊല്ലപ്പെട്ട കേസില്‍ മാതാവ് മേരി ജോണ്‍സനെതിരെ ലവിംഗ്ടണ്‍ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ജൂലൈ 14ന് ലിയ കൗണ്ടി ഷെറിഫ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സംഭവം വിവരിച്ചു.
ജൂലൈ 10നായിരുന്നു പോലീസിന് 911 കോള്‍ ലഭിച്ചത്. ബ്രൂസ് ജോണ്‍സന്റെ പിതാവാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട്ടില്‍ ബ്രൂസ് ജോണ്സന് ജൂനിയറും, മാതാവും കുത്തേറ്റു കിടക്കുന്നുവെന്നായിരുന്നു സന്ദേശം.
സംഭവസ്ഥലത്തെത്തിയ പോലീസ് വ്യത്യസ്ഥ റൂമുകളിലായി ഇരുവരും കുത്തേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. രണ്ടു പേരേയും ഉടന്‍ കവനന്റ് ഹോബ്സ് ആശുപത്രിയില്‍ എത്തിച്ചു. ബോധം നഷ്ടപ്പെടാതിരുന്ന കുട്ടി, മാതാവാണ് തന്നെ കുത്തിയതെന്നു പോലീസിനെ അറിയിച്ചു. തുടര്‍ന്നു കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാവ് മേരി സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. കുട്ടിയുടെ പിതാവ് ബ്രൂസ്ജോണ്‍സന്‍ സീനിയറും, മാതാവ് മേരിജോണ്‍സനും, വിവാഹം വേര്‍പിരിയുന്നതിനുള്ള കേസ്സ് ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നാല്പതുദിവസമായി മകനെ കാണാതിരുന്ന മാതാവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അപ്പനും, മകനും താമസിച്ചിരുന്ന വീ്ട്ടില്‍ ഇവര്‍ എത്തിയത്.
ഒക്കലഹോമയില്‍ നിന്നും ഭാര്യയുടെ ശല്യം സഹിക്കാതെ അപ്പനും മകനും ന്യൂമെക്സിക്കോയിലേക്ക് താമസം മാറുകയായിരുന്നു. വീട്ടില്‍ വിശ്രമിക്കുന്ന മാതാവിനെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്യാനാകില്ലെന്നും അതിനാലാണ് അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചിരിക്കുന്നതെന്നും കൗണ്ടിഷെറിഫ് ഓഫീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.