ഡാളസ് : ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടേയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് 19 ലവല്‍ റെഡിലേക്ക്(RED) ഉയര്‍ത്തികൊണ്ട് സെന്റേഴ്സ് ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഉത്തരവിട്ടു.
ഇന്‍ഡോറിലും, പൊതുവാഹനങ്ങളിലും, സഞ്ചരിക്കുന്ന എല്ലാവരും മാസ്ക്ക് ധറിക്കണമെന്ന് സി.ഡി.സി.നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടറന്റ് കൗണ്ടി, കോളിന് കൗണ്ടികളില്‍ കോവിഡ് 19 ലവല്‍ റെഡിലേക്ക് ഉയര്‍ത്തിയപ്പോള്‍ ഡന്റന്‍ കൗണ്ടിയില്‍ യെല്ലൊ ലെവല്‍ അലര്‍ട്ട് മാത്രമാണുള്ളത്.
ഏറ്റവും അപകടകാരികളായ ഒമിക്രോണ്‍ സമ്പ വേരിയന്റ് BA 4, BA5 എന്നിവയാണ് പരിശോധനക്ക് വിധേയരാകുന്നവരില്‍ കൂടുതല്‍ കാണുന്നതെന്ന് ടെക്സസ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റ് മെഡിക്കല്‍ സെന്ററിന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 75 ശതമാനത്തിലും ഇതു പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാളസ്സില്‍ കൗണ്ടിയിലെ കോവിഡ് ലവല്‍ ഗ്രീനില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് യെല്ലോ ലവലിലേക്ക് ഉയര്‍ത്തിയിരിക്കുന്നതെന്ന് കൗണ്ടി പബ്ലിക് ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഡോ.ഫിലിപ്പ് യാംഗ് പറഞ്ഞു.
കോവിഡ് വ്യാപനം അധികമാകുകയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടാകുന്നതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ.ഫിലിപ്പ് ആവശ്യപ്പെട്ടു. ബുധനാഴ്ച നോര്‍ത്ത് ടെക്സസ്സില്‍ മാത്രം 725 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വാക്സിന് സ്വീകരിക്കാത്തവരും, ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരും പെട്ടെന്ന് അവ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു.