ജോർജ്ജ് ഫ്ലോയിഡ് കേസിൽ മിനിയാപൊളിസ് മുൻ പോലീസ് ഉദ്യോഗസ്ഥന് 2-1/2 വർഷം തടവ്

മിനിയാപൊളിസ്: വംശീയ അനീതിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ആളിക്കത്തിച്ച കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിലെ പങ്കിനെ തുടർന്ന് മുൻ മിനിയാപൊളിസ് ഉദ്യോഗസ്ഥന്‍ തോമസ് ലെയ്‌നെ ഫെഡറൽ കുറ്റത്തിന് 2-1/2 വർഷം തടവിന് ശിക്ഷിച്ചു.

ഫ്ലോയിഡിന്റെ പൗരാവകാശങ്ങൾ ഹനിച്ചെന്നും, അറസ്റ്റാണ് മരണത്തിന് കാരണമായതെന്നും സെന്റ് പോളിലെ ഫെഡറൽ കോടതിമുറിയിൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോൾ മാഗ്നുസൺ വിധിന്യായത്തില്‍ പറഞ്ഞു.

ജയില്‍ ശിക്ഷ കഴിഞ്ഞാലുടന്‍ രണ്ട് വർഷത്തേക്ക് പോലീസിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങാനും ജഡ്ജി മാഗ്നുസൺ ഉത്തരവിട്ടതായി ഒരു പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു.

2020 മെയ് 25 ന് മിനിയാപൊളിസ് പലചരക്ക് കടയിലേക്ക് വിളിച്ചു വരുത്തിയ നാല് ഉദ്യോഗസ്ഥരിൽ ഒരാളാണ് 39 കാരനായ ലെയ്ൻ. സിഗരറ്റ് വാങ്ങാൻ 20 ഡോളർ വ്യാജ ബിൽ ഉപയോഗിച്ചുവെന്ന സംശയത്തിലാണ് ജോര്‍ജ്ജ് ഫ്ലോയിഡിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്.

അറസ്റ്റ് നടക്കുന്നതിനിടയില്‍ നടന്ന മല്പിടുത്തത്തില്‍, സ്ഥലത്തുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ഡെറക് ചൗവിൻ, കൈയ്യില്‍ വിലങ്ങുവെച്ച ഫ്‌ളോയിഡിന്റെ കഴുത്തില്‍ ഒമ്പത് മിനിറ്റിലധികം കാൽമുട്ടുകൊണ്ട് അമര്‍ത്തി പിടിച്ചത് അയാളുടെ മരണത്തിന് കാരണമായി.

ഫെബ്രുവരിയിൽ, ലെയ്‌നും മറ്റ് രണ്ട് മുൻ ഓഫീസർമാരായ ടൗ താവോയും അലക്‌സാണ്ടർ ക്യുങും ഫ്ലോയിഡിന്റെ മരണത്തിൽ പങ്കാളികളായതിന് ഫെഡറൽ ജൂറി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. താവോയ്ക്കും കുവെങ്ങിനും ശിക്ഷ വിധിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.

ഓഫീസര്‍ ഡെറക് ചൗവിന്റെ കാൽമുട്ടിന് താഴെ തളർന്നു വീണ് ഫ്ലോയിഡ് തന്റെ ജീവനുവേണ്ടി യാചിക്കുമ്പോൾ അവനെ സഹായിക്കാൻ തങ്ങൾക്ക് കടമയുണ്ടെന്ന് മൂന്ന് ഓഫീസര്‍മാര്‍ക്കും അവരുടെ പരിശീലനത്തിൽ നിന്നും “അടിസ്ഥാന മാനുഷിക മര്യാദയിൽ” നിന്നും അറിയാമായിരുന്നു എന്ന് വിചാരണയ്ക്കിടെ ഫെഡറല്‍ പ്രൊസിക്യൂട്ടര്‍മാര്‍ വാദിച്ചു.

ഫ്ലോയ്ഡിന്റെ പൗരാവകാശങ്ങൾ ലംഘിച്ചുവെന്നുള്ള ഫെഡറൽ കുറ്റത്തിന് ജൂലൈയിൽ ചൗവിനെ 21 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

2021 ലെ ഒരു സംസ്ഥാന വിചാരണയിൽ മനഃപൂർവമായ രണ്ടാം ഡിഗ്രി കൊലപാതകം, മൂന്നാം ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രി നരഹത്യ എന്നിവയ്ക്കും ചൗവിൻ ശിക്ഷിക്കപ്പെട്ടു.

മെയ് മാസത്തിൽ, നരഹത്യയ്ക്ക് സഹായിച്ചതിനും പ്രേരിപ്പിച്ചതിനും ലെയ്ൻ കുറ്റം സമ്മതിക്കുകയും മൂന്ന് വർഷത്തെ തടവിന് സമ്മതിക്കുകയും ചെയ്തു. മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ സംസ്ഥാന വിചാരണ ജനുവരിയില്‍ ആരംഭിക്കും.

 

Print Friendly, PDF & Email

Leave a Comment

More News