തിരുവനന്തപുരം: നാളെ (ജൂലൈ 28) കർക്കടക വാവ് പിതൃമോക്ഷത്തിനായി സ്നാനഘട്ടങ്ങളിൽ ബലി തർപ്പണം നടത്തും. കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കടക വാവ്. കർക്കടകവാവ് ബലിയർപ്പിച്ചാൽ പിതൃക്കൾക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിലെ പ്രമുഖ സ്നാനഘട്ടങ്ങളെല്ലാം ബലി തർപ്പണത്തിന് തയ്യാറായിക്കഴിഞ്ഞു. തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം ജനാർദ്ദന സ്വാമി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, ആലുവ മണപ്പുറം, തിരുനാവായ, തിരുനെല്ലി പാപനാശിനി എന്നിവ കേരളത്തിലെ പ്രശസ്തമായ ബലി തർപ്പണ കേന്ദ്രങ്ങളാണ്. ഇതുകൂടാതെ ചെറുതും വലുതുമായ ക്ഷേത്രങ്ങളോട് ചേർന്നുള്ള എല്ലാ ബലിക്കടവുകളിലും ബലി തർപ്പണം നടക്കും.
പഞ്ചാംഗം പ്രകാരം 28ന് പുലര്‍ച്ചെ 3 മുതല്‍ 10 വരെയാണ് ബിലതര്‍പ്പണത്തിനുള്ള മുഹൂര്‍ത്തം. കൃഷ്ണ പക്ഷത്തിലെ അമാവാസി, അഷ്ടമി തുടങ്ങിയ ദിവസങ്ങള്‍ ബലി തര്‍പ്പണത്തിന് വിശിഷ്ടമാണെങ്കിലും കര്‍ക്കടക മാസത്തിലെ അമാവാസിയാണ് ഏറ്റവും വിശേഷ ദിവസമായി കണക്കാക്കുന്നത്. സന്താന ഗുണം, സമ്പത്ത്, കുടുംബ സൗഖ്യം, ആരോഗ്യം എന്നിവയ്ക്ക് പിതൃ പ്രീതി ആവശ്യമാണെന്ന വിശ്വാസത്തിലാണ് ഹിന്ദുമത വിശ്വാസികള്‍ ബലി തര്‍പ്പണം നടത്തുന്നത്.