ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുർമുവിനെ രാഷ്‌ട്രപത്നി എന്ന് വിളിച്ച് വീണ്ടും വിവാദത്തിൽ അകപ്പെട്ട കോൺഗ്രസ് ലോക്‌സഭാ എംപി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ കണ്ട് തന്റെ പ്രസ്താവനയിൽ മാപ്പ് പറയുമെന്ന് പറഞ്ഞു. അതേസമയം, ഈ കപടനാട്യക്കാരുടെ മുന്നിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി കുറച്ച് അറിയാവുന്നത് കൊണ്ടാണ് തെറ്റ് പറ്റിയതെന്നാണ് അധീർ രഞ്ജൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച മൺസൂൺ സമ്മേളനത്തിൽ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്ന വാക്ക് ഉപയോഗിച്ചതാണ് ഇരു സഭകളിലും ബഹളമുണ്ടാക്കിയത്. അധിർ രഞ്ജന്‍ മാപ്പ് പറയണമെന്ന് ഭരണകക്ഷി എംപിമാര്‍ ആവശ്യപ്പെട്ടു. ചൗധരി ലോക്‌സഭയിലെ കോൺഗ്രസ് നേതാവാണെന്നും അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി എംപി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
എന്നാൽ, വിവാദം രൂക്ഷമായതോടെ പാർലമെന്റിൽ താൻ നടത്തിയ പ്രസ്താവന തെറ്റാണെന്ന് സമ്മതിച്ച അധിർ രഞ്ജൻ ചൗധരി, സ്വപ്നത്തിൽപ്പോലും രാഷ്ട്രപതിയെ കുറിച്ച് തെറ്റായ വാക്കുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നും പറഞ്ഞു. രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം കപടവിശ്വാസികളോട് മാപ്പ് പറയില്ലെന്നും പറഞ്ഞു.
ഹിന്ദി ഭാഷയിൽ പരിജ്ഞാനം കുറവായതിനാലാണ് ഇങ്ങനെയൊരു അബദ്ധം പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ സോണിയാ ഗാന്ധിയെ വലിച്ചിഴക്കരുതെന്നും അദ്ദേഹം ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൗധരിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ് മൂന്നിന് 11.30ന് കമ്മിഷന് മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതിഷേധവുമായി സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും: അധിർ രഞ്ജൻ ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നുവെന്നും, വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും കോൺഗ്രസിനെതിരെ രംഗത്തെത്തി. കോൺഗ്രസ് ആദിവാസി വിരുദ്ധ, ദലിത് വിരുദ്ധ, സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ദ്രൗപതി മുർമുവിനെതിരായ ദുരുദ്ദേശപരമായ പ്രവൃത്തിക്ക് മാപ്പ് പറയണമെന്നും സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.’ മുർമു പാവ സ്ഥാനാർഥിയാണെന്നും തിന്മയുടെ പ്രതീകമാണെന്നുമാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്‍റെ പരമോന്നത ഭരണഘടന പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും മുർമുവിനെതിരായ കോൺഗ്രസിന്‍റെ ആക്രമണങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല എന്നും സ്‌മൃതി ഇറാനി പറഞ്ഞു. വനിതാ നേതാവായ സോണിയ ഗാന്ധി നയിച്ചിട്ടും ഭരണഘടന പദവികളിലുള്ള സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസുകാർ തുടരുകയാണെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.
പരാമർശം അധിറിനു പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തിൽ അദ്ദേഹം നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി പ്രതികരിച്ചു.