കോഴിക്കോട്: മലബാർ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ മലബാർ സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ നയിക്കുന്ന പ്രക്ഷോഭ യാത്രയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ചരിത്രപരമായി നിരവധി വിവേചനങ്ങൾക്ക് വിധേയമാക്കപ്പെട്ട ജന സമൂഹമാണ് കോഴിക്കോടിന്റേത്. കേരളം മാറി മാറി ഭരിച്ച ഇടത് വലത് സർക്കാരുകൾ കോഴിക്കോടിനോടുള്ള വിവേചനം മുൻകാലങ്ങളിലേതു പോലെ തുടർന്ന് കൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇന്നും കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ ഭീകരമായാ വിദ്യാഭ്യാസ പ്രതിസന്ധിയെന്നും ഇനിയും ഈ വിവേചനങ്ങൾ തുടരാൻ അനുവദിച്ചുകൂടെന്നും കൂടുതൽ ശക്തമായ ബഹുജന സമരങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കും എന്ന വാഗ്ദാനം നൽകിയാണ് പിണറായി സർക്കാർ രണ്ടാം തവണയും ഭരണത്തിലേറിയത്. രണ്ടാം പിണറായി സർക്കാരിന്റെ ഒരു വർഷം കഴിഞ്ഞിട്ടും ആ വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ സർക്കാർ യാതൊരു താല്പര്യവും കാണിച്ചിട്ടില്ല എന്നതാണ് വസ്തുത. ഏറ്റവും ചുരുങ്ങിയത് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ പരിഹരിച്ചു വിദ്യാർത്ഥികളുടെ ഭാവി വെച്ചുള്ള കളി സർക്കാർ അവസാനിപ്പിക്കണമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുജീബ് റഹ്‌മാൻ പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിഭജനം, ജില്ലയിലെ ഹൈ സ്കൂളുകൾ ഹയർ സെക്കന്ററിയായി ഉയർത്തുക തുടങ്ങിയ,ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭ യാത്രയിലൂടെ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യയമായവയാണ്. ആ ആവശ്യങ്ങളോട് ഇനിയും പുറം തിരിഞ്ഞു നിൽക്കാൻ ആണ് സർക്കാർ തീരുമാനം എങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളായിരിക്കും വിദ്യാർത്ഥി സമൂഹത്തിൽ നിന്നും സർക്കാർ നേരിടേണ്ടി വരിക എന്ന് സമ്മേളനത്തിൽ സംസാരിച്ച വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
കഴിഞ്ഞ ദിവസം അവകാശ പത്രിക സമർപ്പണം എന്ന പേരിൽ കേരളത്തിലെ ഒരു മുഖ്യധാര വിദ്യാർത്ഥി സംഘടന നടത്തിയ മാർച്ചിൽ,ഒരിടത്ത് പോലും മലബാറിലെ വിദ്യാർത്ഥികൾ നേരിട്ട് കൊണ്ടിരിക്കുന്ന അവകാശ നിഷേധത്തെ ചർച്ചക്കെടുത്തതായി കണ്ടില്ല. ഭരണകൂടത്തിന്റെ ഓരം പറ്റി വിദ്യാർത്ഥികളുടെ അവകാശങ്ങളെ മനപ്പൂർവം മറവിക്ക് വിട്ട് കൊടുക്കാനുള്ള അത്തരം ശ്രമങ്ങളെയും, സംഘടനകളെയും കേരളത്തിലെ വിദ്യാർത്ഥി സമൂഹം പുച്ഛത്തോടെ തള്ളികളയുമെന്ന് മറുപടി പ്രസംഗം നടത്തിയ പ്രക്ഷോഭ യാത്ര ക്യാപ്റ്റൻ മുനീബ് എലങ്കമൽ പറഞ്ഞു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ വഴിയിൽ ഉപേക്ഷിക്കാൻ ഫ്രറ്റേണിറ്റി ഒരുക്കമല്ലന്നും പൂർണ വിജയം വരെ തെരുവിൽ നിലയുറപ്പിക്കാൻ തന്നെയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് തീരുമാനിച്ചിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
രണ്ട് ദിവസം നീണ്ടു നിന്ന പ്രക്ഷോഭ യാത്ര കുറ്റ്യാടി പഴയ ബസ്സ് സ്റ്റാൻഡിൽ പൊതു സമ്മേളനത്തോടെ അവസാനിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച് നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലിയും നടന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിഭജിച്ച് കോഴിക്കോട് ജില്ല ആസ്ഥാനമാക്കി പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുക, ജില്ലയിലെ മുഴുവൻ ഹൈ സ്കൂളുകളും ഹയർ സെക്കന്ററിയായി ഉയർത്തുക, മലയോര, തീരദേശ മേഖല സ്പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളിൽ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കി.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല ജനറൽ സെക്രട്ടറിമാരായ തബ്ഷീറ സുഹൈൽ, ലബീബ് കായക്കൊടി വൈസ് പ്രസിഡന്റ് സജീർ ടി. സി എന്നിവർ സംസാരിച്ചു.