കൊച്ചി: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഏറെ പ്രിയവും ജനകീയവുമായ സീ കേരളം ടെലിവിഷന്‍ ചാനല്‍ കേരള ഹോം ഗാര്‍ഡുകളെ ആദരിച്ചു. ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന പൊതുജന സേവനം കണക്കിലെടുത്ത് റെയിന്‍ കോട്ടുകള്‍ നല്‍കിയാണ് സീ കേരളം ഹോം ഗാര്‍ഡ് അംഗങ്ങളെ ആദരിച്ചത്.
സമൂഹത്തിൽ ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന സേവനത്തിനുള്ള അംഗീകാരമായാണ് ഹോം ഗാര്‍ഡുകള്‍ക്കുള്ള സീ കേരളത്തിന്റെ ആദരം. വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവരാണ് സംസ്ഥാനത്തെ പോലീസ്, അഗ്നിശമന സേനാ വകുപ്പുകളില്‍ ഹോം ഗാര്‍ഡുകളായി സേവനം അനുഷ്ഠിക്കുന്നവരിൽ അധികം പേരും . നഗരങ്ങളിലെ ഗതാഗത നിയന്ത്രണത്തിലും പൊതുനിരത്തുകളിലെ സഞ്ചാര അച്ചടക്കം ഉറപ്പാക്കുന്നതിലും ഹോം ഗാര്‍ഡുകള്‍ നല്‍കി വരുന്ന സേവനം എടുത്ത് പറയേണ്ടതു തന്നെയാണ്.
കൊച്ചിയിലെ സീ കേരളം ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സീ കേരളം ചീഫ് ചാനൽ ഓഫീസർ സന്തോഷ് ജെ നായരില്‍ നിന്നും കേരള ഹോം ഗാര്‍ഡ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലക്ഷ്മണന്‍ പിള്ള, എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി മണികണ്ഠന്‍, ഹോം ഗാര്‍ഡ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ റെയിന്‍ കോട്ടുകള്‍ ഏറ്റു വാങ്ങി. 900 റെയിന്‍ കോട്ടുകളാണ് ഹോം ഗാര്‍ഡുകള്‍ക്കായി സീ കേരളം കൈമാറിയത്.
1960-ല്‍ മുഖ്യമന്ത്രി പട്ടം താണു പിള്ളയുടെ നിര്‍ദ്ദേശത്താല്‍ രൂപം കൊണ്ട ഹോം ഗാര്‍ഡ് 10 വർഷത്തിന് ശേഷം പിരിച്ച് വിടുകയും 2010-ല്‍ വീണ്ടും റിക്രൂട്ട് ചെയ്യുകമായിരുന്നൂ.