കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ തുടരന്വേഷണത്തെയും വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെയും എതിർക്കാൻ ഒരുങ്ങി കേരള സർക്കാർ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കേസിലെ പ്രതികളിലൊരാളുമായ എം.ശിവശങ്കറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കക്ഷി ചേരുകയോ എം. ശിവശങ്കറിന്റെ അപേക്ഷയിൽ സർക്കാർ നിലപാട് സ്വീകരിക്കുകയോ ചെയ്യും. ഇഡി കേസിൽ സർക്കാർ കക്ഷിയല്ലെങ്കിലും ഹർജിയിൽ ഇടപെടാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പി.എസ്. സരിത്, സ്വപ്ന സുരേഷ്, എം.ശിവശങ്കർ, സന്ദീപ് നായർ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഇഡിയുടെ ആവശ്യത്തെ പിന്തുണയ്ക്കും. ശിവശങ്കറിനൊപ്പം സന്ദീപ് നായരും സുപ്രീം കോടതിയിൽ ഇഡിയെ എതിർക്കുമെന്നാണ് കരുതുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി തുടരന്വേഷണം നടത്താനൊരുങ്ങുന്നത്. എന്നാല്‍ കേന്ദ്രഏജന്‍സികള്‍ സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സ്വപ്‌ന ആരോപണങ്ങളുമായി എത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും.
മാത്രമല്ല കേരളത്തിലെ കോടതികളെ പറ്റി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആക്ഷേപങ്ങളില്ലെന്ന കാര്യം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്യും. ഈ പ്രതികള്‍ക്കെതിരെ പോലീസും ക്രൈംബ്രാഞ്ചും വിജിലന്‍സും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ബംഗളൂരുവിലേക്ക് മാറ്റുമ്പോള്‍ അത് കേരളത്തിലെ കോടതി നടപടികളെ ബാധിക്കുമെന്നകാര്യവും സുപ്രീംകോടതിയെ സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തും.