ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിലെ ജെഹാനാബാദ് പട്ടണത്തില്‍ ഒരു വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്ക ശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു.
ആഗസ്റ്റ് 2 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അത്യാഹിതം സംഭവിച്ചത്. സ്‌ഫോടനത്തെ തുടർന്ന് ഇരുനില വീട് പൂര്‍ണ്ണമായും തകർന്നു. അപകടത്തിൽ പടക്ക വ്യാപാരിയായ അസിം ബേഗിന്റെ മൂന്ന് പെൺമക്കൾ നിഷ, സാനിയ, നഗ്മ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.
സ്‌ഫോടനം രൂക്ഷമായതിനാൽ സമീപത്തെ വീടുകളിലുള്ളവർ പരിഭ്രാന്തി പരത്തി. സ്‌ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരത്തിൽ കേട്ടതായാണ് വിവരം. വിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ പി, എഎസ്പി ഡോ പവിത്ര മോഹൻ ത്രിപാഠി, എസ്ഡിഎം യോഗേഷ് കുമാർ ഗൗർ, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി. പോലീസും അഗ്നിശമന സേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നാണ് വിവരം.
അസിം ബെയ്ഗ് തന്റെ വീടിന് താഴെയുള്ള മുറിയിൽ പടക്കം സൂക്ഷിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉച്ചയ്ക്ക് 2.30ഓടെയാണ് വീട്ടിനുള്ളിൽ തീപിടിത്തമുണ്ടായത്. പടക്ക വ്യാപാരി അസിം ബെയ്ഗിന്റെ ഭാര്യ ഫിറോസ് ബീഗവും ആറ് കുട്ടികളും സ്‌ഫോടനം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. മൂന്ന് പെൺമക്കൾ ഉൾഭാഗത്തും അമ്മയടക്കം ബാക്കിയുള്ള 3 കുട്ടികൾ പുറത്തുമായിരുന്നു. സ്‌ഫോടന സമയത്ത് മൂന്ന് പെൺമക്കളും പ്രാർത്ഥിക്കുകയായിരുന്നുവെന്ന് ഫിറോസ് ബീഗം പറഞ്ഞു.