വിവാഹസമയത്ത് റിഫ മെഹ്നു പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസിൽ റിഫയുടെ ഭർത്താവ് മെഹ്‌നാസ് അറസ്റ്റിൽ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മെഹ്‌നാസിനെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയേക്കും. മാർച്ച് ഒന്നിനാണ് ദുബായിലെ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവുചെയ്യുകയായിരുന്നു.

റിഫ മെഹ്‌നു തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നുവെന്നാണ് നിഗമനം.

കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

കുഞ്ഞ് ജനിക്കുമ്പോൾ റിഫക്ക് 18 വയസ്സും രണ്ട് മാസവുമായിരുന്നു പ്രായം. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പി അന്വേഷിക്കുന്ന കേസിൽ മെഹ്നാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപേക്ഷ തള്ളിയാൽ ഈ കേസിലും മെഹ്നാസ് അറസ്റ്റിലാകാനാണ് സാധ്യത.

ഭർത്താവ് മെഹ്നാസ് റിഫയുടെ കുടുംബത്തോട്  സഹകരിക്കാതായതോടെയാണ് മതാപിതാക്കൾ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ, പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോ‍ര്‍ട്ടം നടത്തുകയായിരുന്നു.ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News