തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിയായി മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാളെ വേണമെന്ന് കെ.ടി. ജലീൽ ആവശ്യപ്പെട്ടതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്വന്തം സമുദായത്തിൽ നിന്ന് ആരും വൈസ് ചാൻസലറാകാത്തത് കൊണ്ടാണ് അങ്ങനെയുള്ള ആളെ വിസിയായി നിയമിച്ചതെന്ന് ജലീൽ പറഞ്ഞതായി വെള്ളാപ്പള്ളി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞമാസം 21 ന് തന്റെ വീട്ടിലെത്തിയപ്പോഴാണ് ജലീല്‍ ഇക്കാര്യം അറിയിച്ചതെന്നും അതിന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സാക്ഷിയാണെന്നും വെള്ളാപ്പള്ളി അറിയിച്ചു. ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീല്‍ വിസിയായി നിയമിച്ചതെന്നും ജലീല്‍ തന്റെ സമുദായത്തിന് വേണ്ടിയായിരിക്കാം ഇത് ചെയ്തതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ജലീൽ ഇത് പറയുമ്പോൾ മാന്യനായിട്ടാണ് തനിക്ക് തോന്നിയതെന്നും, മലപ്പുറത്ത് നിന്ന് വിജയിച്ച ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ മുസ്ലീം സമുദായത്തിൽ നിന്ന് വിസി ഇല്ലാത്തത് പരിഹരിക്കണമെന്നത് അദ്ദേഹത്തിന്റെ ആവശ്യവും നിലനിൽപ്പുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവന്റെ വോട്ടുവാങ്ങിയല്ല മലപ്പുറത്ത് അദ്ദേഹം ജയിച്ചത്. ആ അര്‍ഥത്തില്‍ ഇത് ശരിയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജലീല്‍ ഇക്കാര്യം തള്ളിപ്പറയുകയാണെങ്കില്‍ സാക്ഷികളിലൂടെ താന്‍ തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.