അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ 2022-24 വർഷങ്ങളിലേക്കുള്ള ട്രസ്റ്റി ബോർഡ് ഭാരവാഹികളായി സജി എം പോത്തൻ (ചെയർമാൻ), സണ്ണി മറ്റമന (വൈസ് ചെയർമാൻ), ഏബ്രഹാം ഈപ്പൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിയുന്ന അംഗങ്ങളായ മാമ്മൻ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്,ബെൻ പോൾ,സ്റ്റാൻലി എത്തുനിക്കൽ എന്നിവരെ യോഗം പ്രത്യേകം അനുമോദിക്കുകയും സ്തുത്യർഹമായ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും,പുതുതായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി മറ്റമന, ജോജി തോമസ്, ടോണി കല്ല് കാവുങ്കൽ ,ഈ വർഷം മുതൽ പൂർണ്ണ ഔദ്യോഗീക അംഗങ്ങളാകുന്ന മുൻ പ്രസിഡൻ്റ് ജോർജി വർഗീസ്,മുൻ സെക്രട്ടറി സജിമോൻ ആൻറണി, എക്സ് ഓഫീഷ്യോ അംഗങ്ങളായ പുതിയ പ്രസിഡൻ്റ് ഡോ.ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവരെ സ്വാഗതം ചെയ്യുകയും ചെയ്തു.
പുതിയ ബോർഡ് ചെയർമാൻ സജി എം പോത്തൻ ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറി,റോക് ലാൻഡ് ജോയിൻ്റ് ക്രിസ്ത്യൻ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഇപ്പൊൾ ഹഡ്സൺവാലി മലയാളീ അസോസയേഷൻ സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു വരുന്നു
വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട സണ്ണി മറ്റമന ഫൊക്കാനയിലും, സാമൂഹ്യ സാംസ്കാരിക സേവന മണ്ഡലങ്ങളിലും തനതായ വ്യക്തി പ്രഭാവം തെളിയിച്ചിട്ടുണ്ട്. ഫൊക്കാന ട്രഷറർ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഫ്ലോറിഡ റീജിയൺ വൈസ് പ്രസിഡൻ്റ്,കോതമംഗലം മാർ അതെനേഷ്യസ് കോളേജ് യൂണിയൻ സെക്രട്ടറി, റിസേർച്ച് സ്കോളർ അസോസിയേഷൻ പ്രസിഡൻ്റ്, മലയാളീ അസോസിയഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ സെക്രട്ടറി, പ്രസിഡൻ്റ്,തുടങ്ങി നിരവധി രംഗങ്ങളിൽ പ്രവർത്തന മികവ് തെളിയിച്ച ഇദ്ദേഹം, ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തിയ കുട്ടമ്പുഴ ആദിവാസി സ്കൂളിൻ്റെ കമ്പ്യൂട്ടർവൽക്കരണം, എയ്ഡ്സ് രോഗബാധിതരുടെ രോഗമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത് സ്വാന്തനം പദ്ധതി എന്നിവയുടെ പിന്നിലെ ശക്തി കേന്ദ്രമായി സ്തുത്യർഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഏബ്രഹാം ഈപ്പൻ ഫൊക്കാനയിൽ കൺവെൻഷൻ ചെയർമാൻ,വൈസ് പ്രസിഡൻ്റ്, ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും, മലയാളീ അസോസയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൻ (മാഗ്) വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, പ്രസിഡൻ്റ്, ട്രസ്റ്റി ബോർഡംഗം എന്നീ നിലകളിലും പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.