ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് – ഒക്ലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന നാലാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു (ഐപിഎസ്എഫ് 2022) ഓസ്റ്റിനിൽ വർണ്ണശബളമായ തുടക്കം. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു.
ഫാ കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യൂറേറ്റർ), ഫെസ്റ്റ് ചെയർമാനും ഓസ്റ്റിൻ ഇടവക വികാരിയുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഫാ ക്രിസ്റ്റി പറമ്പുക്കാട്ടിൽ , ഫാ പോൾ കൊടകരക്കാരൻ , ഫാ കെവിൻ മുണ്ടക്കൽ തുടങ്ങി റീജണിലെ മറ്റു വൈദികരും, ജിബി പാറയ്ക്കൽ ( മുഖ്യ സ്പോൺസർ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ) മറ്റു റീജണൽ കോർഡിനേറ്റേറുമാരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
റീജണിലെ വിശ്വാസികളുടെ കൂട്ടായ്മാക്കും ദൈവമഹത്വത്തിനായും ഈ കായികമേള ഉപകരിക്കട്ടെയെന്നു യെന്നു മാർ ജോയ് ആലപ്പാട്ട് ആശംസിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു പാരീഷുകളുടെ നേതൃത്വത്തിൽ നടന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റിൽ മാർ ജോയ് ആലപ്പാട്ട് അഭിവാദ്യങ്ങൾ സ്വീകരിച്ചു.
അമേരിക്കയിലെ രൂപതയിലെ ഏറ്റവും വലിയ സ്പോർട്സ് ഫെസ്റ്റാണിത്. എട്ടു പാരീഷുകളിൽ നിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങൾ പങ്കെടുക്കുന്നു. ഓഗസ്റ്റ് 6 ശനിയാഴ്ച വൈകുന്നേരം പിന്നണി ഗായിക സിതാര കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മ്യൂസിക് കൾച്ചറൽ പ്രോഗ്രാം പ്രത്യക ആകര്ഷണമാകും. ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5 നു തുടങ്ങിയ ഫെസ്റ്റ് ഓഗസ്റ്റ് 7 നു സമാപിക്കും.