മുൻകാലങ്ങളിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജികളുണ്ടായിരുന്നെങ്കിൽ ഈ നരഭോജികൾ ഇന്ന് ജീവിക്കുന്നത് കേരളത്തിലെ നാടൻ ദേശീയ പാതകളിലാണ്. വനങ്ങളിലെ മൃഗങ്ങൾ പോലും മനുഷ്യരെപ്പോലെ അപകടങ്ങളിൽ മരിക്കുന്നില്ല. എത്രയോ കാലങ്ങളായി മനുഷ്യപ്രകൃതിയും മൃഗപ്രകൃതിയും തമ്മിലുള്ള പോരാട്ട മരണങ്ങളാണ് നമ്മുടെ റോഡുകളിൽ സംഭവിക്കുന്നത്. ഒരു ജീവിയേയും കൊല്ലരുത് എന്ന പ്രമാണം മൃഗങ്ങൾക്കില്ല.അത് തന്നെയാണ് നമ്മുടെ റോഡുകളിൽ ദൈനംദിനം കാണുന്നത്. മനുഷ്യന്റെ ജീവനെടുക്കുന്ന കുഴികളുണ്ടാക്കിയവർ യാതൊരു അപമാനബോധമില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ മടിശ്ശീല വീർപ്പിച്ചങ്ങനെ സസുഖം വാഴുന്നു. അവരാകട്ടെ റോഡിന്റെ ഉദ്ഘാടനം നടത്തി ഫോട്ടോകളെടുത്തു് പുരോഗ തിയുടെ വിളവെടുപ്പങ്ങനെ മാധ്യമങ്ങളിൽ ആഘോഷിക്കുന്നു. നാടൻ പാതയായാലും ദേശീയ പാതയായാലും പെരുമഴയിൽ ചോർന്നു പോകുന്ന ദുർഘടങ്ങളായ കുഴികൾ എങ്ങനെയുണ്ടാകുന്നു?മരിച്ചു വീണ ഹാഷിമിന്റെ ശവവും ചുമന്നുകൊണ്ട് ശതാബ്ദങ്ങളിലേക്ക് നമ്മുടെ സാംസ്‌ക്കാരിക നവോത്ഥാനത്തിലേക്ക് വീണ്ടും സഞ്ചരിക്കാൻ ലജ്ജയില്ലേ? മനുഷ്യനെ കൊല്ലുന്ന ഈ മൃഗപ്രകൃതി കണ്ടിട്ടും അവരുടെ നേർക്ക് ആരൊക്കെയാണ് കണ്ണ് ഇറുക്കി അടച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് അപകടത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടു ക്കാത്തത്? സമൂഹത്തിന്റെ രക്ഷക്കുവേണ്ടി ഈ അപരിഷ്‌കൃത പരിഷ്‌ക്കാരികളെ എന്തുകൊണ്ട് തുറുങ്കിലടക്കുന്നില്ല?
അങ്കമാലി ആലുവ ദേശീയ പാതയിൽ കുഴിയിൽ വീണ യാത്രക്കാരൻ ഹാംഷിം സ്‌കൂട്ടറിൽ നിന്ന് തെറിച്ചു് റോഡിൽ വീഴുന്നു. മറ്റൊരു നരഭോജി പിറകിൽ നിന്നെത്തി യാത്രക്കാരന്റെ ദേഹത്തുകൂടി വാഹനം കയറ്റി കൊലപ്പെടുത്തിയിട്ട് വാഹനം നിർത്താതെ പോകുന്നു. ഇത്തരത്തിൽ മനുഷ്യനെ കൊല്ലുന്ന കരാറുകാരും ഉദ്യോഗസ്ഥരും അവർക്ക് കുടപിടിക്കുന്ന ഭരണാധിപന്മാരും മനുഷ്യ ഹൃദയത്തിൽ ഒരമ്പായി ജീവിക്കുന്നു. ജീവിതത്തിന്റെ ദാരുണവും ഭയാനകവുമായ നിമിഷങ്ങളെ ജീവിതത്തിന്റെ ചരമഗീതങ്ങളായി നാട്ടുകാർ എഴുതിത്തള്ളുന്നു. ജനത്തിന്റെ ആരോഗ്യനില മനസ്സിലാക്കിയ നേതാക്കന്മാർ അവരെ കഴുതകൾ അല്ലെങ്കിൽ വിഡ്ഢികൾ എന്ന് വിളിക്കുന്നു. കേന്ദ്ര സംസ്ഥാന അധികാര സിംഹാസനങ്ങളിൽ ഇരിക്കുന്നവർ പരസ്പരം ചെളിവാരിയെറിഞ്ഞു മസാല കഥകൾ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു. തരിശ്ശുഭൂമിയിൽ തളിർത്തു നിൽക്കുന്ന ഇവരുടെ വാക്കുകൾ കേട്ട് വിഡ്ഢികൾ തെരുവുകളിൽ സമരം നടത്തുന്നു, ഘോരഘോരം സദാചാര പ്രസംഗങ്ങൾ നടത്തുന്നു. സത്യത്തിന് നേരെ മുഖം കുനിക്കുന്നവരും മരണ വേദനകളിൽ അപകടങ്ങളിൽ ഒറ്റപ്പെടുന്നവരുടെയെല്ലാം എണ്ണം പെരുകുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ജീർണ്ണമായ ഒരു സംസ്‌ക്കാരത്തിലൂടെ കേരളജനത മുന്നോട്ട് പോകുന്നു.വിപ്ലവ നവോത്ഥാന ചിന്തകളിൽ ഒഴുകിപ്പരന്ന ഒരു ജനത ഇന്ന് നെടുവീർപ്പ് ഇടുകയാണോ? വിപ്ലവത്തിന്റെ പ്രേതഭൂമിയായി കേരളം മാറിയോ?
ഈ അവസരം ഓർമ്മ വരുന്നത് ആഫ്രിക്കയിലെ ഒരു വന വഴിയിലൂടെ സഞ്ചരിച്ച അമേരിക്കക്കാരനായ യാത്രികനെ നരഭോജികൾ പിടികൂടി. അയാളെ ഗോത്രത്തലവന്റെ മുന്നിൽ ഹാജരാക്കി. ഇംഗ്ലീഷ് അറിയാവുന്ന ഗോത്രത്തലവൻ അമേരിക്കയിലെ ഹാർവാർഡ്, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റികളിൽ പഠിച്ചയാളാണ്. അമേരിക്കക്കാരനായ യാത്രികൻ ചോദിച്ചു. ‘നിങ്ങൾ ഇപ്പോഴും മനുഷ്യരെ ഭക്ഷിക്കുമോ? ഗോത്രത്തലവൻ കൊടുത്ത ഉത്തരം.’ഭക്ഷിക്കുക ഞങ്ങളുടെ കർത്തവ്യമാണ്’. ഇതിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത് വിദ്യാഭ്യാസം ലഭിച്ചിട്ട് കാര്യമില്ല. കൈക്കൂലി കൊടുത്തും പിൻവാതിലിൽ നിയമനത്തിലൂടെ ധാരാളം വിഡ്ഢികൾ, പോലീസ്, പൊതുമരാമത്തു വകുപ്പ് അങ്ങനെ എല്ലായിടത്തും ജോലി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ യോഗ്യത വിദ്യ നേടിയത് പണം കൊടുത്തുകൊണ്ട്, തൊഴിൽ നേടിയത് പണം കൊടുത്തുകൊണ്ട്. ഇത്തരക്കാരുടെ പ്രവർത്തികളിലാണ് നരഭോജികൾ ഒളിഞ്ഞിരിക്കുന്നത്. സാമൂഹ്യ സംസ്‌ക്കാരം അവർക്കറിയില്ല. ഇവർഇടപെടുന്ന മേഖലകളിൽ ഒരു ബൂർഷ്വാ മുതലാളിയുടെ യഥാർത്ഥമായ സ്വഭാവം വെളിപ്പെടും. റോഡിൽ രക്തം വാർന്നൊലിച്ചു കിടന്നാലും, കാക്കകൾ കൊത്തിവലിച്ചാലും മക്കളുടെ വേർപാടിൽ അമ്മമാർ നെഞ്ചത്തടിച്ചു നിലവിളിച്ചാലും ഈ നരഭോജികളിൽ ഒരു മാറ്റവുമുണ്ടാകില്ല.പാശ്ചാത്യർ പരുന്തിനെ കണ്ട പാമ്പിനെപ്പോലെയാണ് കേരളത്തിലെ റോഡുകളിൽ സഞ്ചരിക്കുന്നത്. അത് ബോട്ട് യാത്രയായാലും വേണ്ടുന്ന സുരക്ഷാ ക്രമീകരണങ്ങളില്ല. എന്നോടും ചിലർ പറഞ്ഞിട്ടുണ്ട്. വായിൽ തേനും അകത്തു വിഷവുമായി നടക്കുന്ന അധികാര ഭ്രാന്തുപിടിച്ചവരെ പുകച്ചു പുറത്തു ചാടിക്കാൻ ജീവൻ വെടിയുന്നതിനേക്കാൾ തെളിവുകൾ വേണോ?
യൂറോപ്പ് ഇരുപത്തിയെട്ട് സമ്പന്ന ദരിദ്ര രാജ്യങ്ങളാണ്. അവരുടെ ഓരോ തെരുവുകളും റോഡുകളും പൂക്കളും തളിരുകളും വള്ളിപ്പടർപ്പുകളും ചാർത്തി നിൽക്കുന്ന പ്രദേശങ്ങളാണ്. നിറഞ്ഞു തുളുമ്പുന്ന സ്‌നേഹത്തോടെയാണ് ഈ രാജ്യങ്ങളിൽ പാർക്കുന്ന മലയാളികൾ അതിനെ നോക്കികാണുന്നത്. ഭരണകൂടത്തിന് തംബുരു മീട്ടുന്നവരല്ല ഇവിടുത്തെ ജനങ്ങൾ. കർത്തവ്യ ബോധമില്ലത്ത ഭരണാധിപന്മാരെ സ്വന്തം പാർട്ടിയിലുള്ളവരായാലും അവർ പുറത്താക്കും. ഏത് ഭരണ കക്ഷിയായാലും പൊതുജനങ്ങളുടെ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാകണം. അവർ കുറ്റവാളികളുടെ സംരക്ഷകരായി മാറരുത്. അങ്ങനെ നിസ്വാർത്ഥമായ സേവനമെങ്കിൽ കഴിഞ്ഞ നാളുകളിൽ അപകടത്തിൽപ്പെട്ട, ജീവൻ നഷ്ടപ്പെട്ടവരുടെ നഷ്ടപരിഹാരം, നിയമ നടപടികൾ വിശ്വാസിനിമായ വിധത്തിൽ നടപ്പാക്കിയോ? എത്ര പേർ ശിക്ഷക്ക് വിധേയമായി? കേന്ദ്ര സംസ്ഥാന മന്ത്രിമാർ, കരാറുകാർ, ഉദ്യോഗസ്ഥരാണ് ഓരോ ജീവൻ പൊടിയുന്നതിന്റെ ഉത്തരവാദികൾ. അവരെ എന്തുകൊണ്ടാണ് തുറുങ്കിലടക്കാത്തത്? കേരളത്തിൽ തുടരുന്നത് മരണത്തിന്റെ, ഹിംസയുടെ സംസ്‌ക്കാരമാണോ? റോഡുകളിൽ മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്നവരെ കൂടുതൽ അഗാധമായ തലത്തിൽ ശിക്ഷിക്കാൻ കോടതികൾ എന്തുകൊണ്ട് ഇടപെടുന്നില്ല? എന്തുകൊണ്ടാണ് നിയമങ്ങൾ പരിഷ്‌ക്കരിക്കാത്തത്? സംസ്ഥാന ദേശീയപാത വികസനം മനുഷ്യരെ കൊല്ലുന്ന കുണ്ടും കുഴികളുമാകരുത്. ടോൾ പിരിവിലും നടുവൊടിക്കുന്ന കുഴികളിലും ജനങ്ങൾ വലയുന്നു. അഴിമതിയും, കൈക്കൂലിയും,കൊട്ടുന്ന താളത്തിന് തുള്ളുന്ന അധികാരികളും കരാറുകാരും തങ്ങളുടെ കൈകളിൽ ഒതുങ്ങുന്നതെല്ലാം കൈക്കലാക്കി രക്ഷപെടുന്നു. റോഡുകളിൽ അകാല ചരമമടയുന്നവരും തൂത്തെറിയപ്പെടുന്നു. അവർക്ക് നീതി ലഭിക്കുന്നില്ല. ഇതിന് ശാശ്വതമായ പരിഹാരം കാണാൻകോടതികൾ മുന്നിട്ടിറങ്ങണം. കേരളത്തിൽ ഇന്നും ഇന്നലെയും നടന്നുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇത് അവസാനിപ്പിക്കുക.