ജൂലൈ 24-ന് ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക ബി പോസിറ്റീവ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ കൗമാരക്കാർക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെട്ടു. കൃത്യം 7.30-ന് മൗനപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി വർഗീസ് പാലമലയിൽ സ്വാഗതം ആശംസിച്ചു. ജീവിതത്തെ പോസിറ്റീവ് ആയി സമീപിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് രാജൻ പടവത്തിൽ അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
പ്രൊഫഷണൽ സോഷ്യൽ വർക്കർ ആയ ശ്രീമതി ദിവ്യ ഗീത് ടോക്സിക് റിലേഷന്ഷിപ്സ് എന്ന വിഷയത്തെപ്പറ്റി വിശദമായി സംസാരിച്ചു. കൗമാരക്കാരിൽ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കേരള സർക്കാരിന്റ പ്രവർത്തനങ്ങളിൽ സോഷ്യൽ സ്‌കിൽസ് ട്രെയ്നർ എന്ന നിലയിൽ ദിവ്യ പ്രവർത്തിച്ചു വരുന്നു. അറിയപ്പെടുന്ന ഒരു എഴുത്തുകാരി കൂടി ആണ് ദിവ്യ.
ശ്രീമതി ശ്രീവിദ്യ ശ്രീനിവാസന്റെ മോട്ടിവേഷണൽ സ്‌പീച്ച് വ്യത്യസ്തമായ ഒരു അനുഭവം ആണ് പങ്കെടുത്തവർക്ക് നൽകിയത് . കഴിഞ്ഞ 20 വർഷം ആയി അമേരിക്കയിൽ ജീവിക്കുന്ന ശ്രീവിദ്യ അദ്ധ്യാപിക, സംരംഭക, പൊതുപ്രവർത്തക തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
വിഷയാവതരണത്തിനു ശേഷം നടന്ന ചോദ്യോത്തരവേളയും ചർച്ചയും യൂവാക്കൾക്കും, മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദവും, ഉത്തേജനവും, ഉണർവും ഉളവാക്കുന്നതായിരുന്നു. ഫൊക്കാന ഉപദേശക സമിതി അംഗം ജോസഫ് കുരിയാപ്പുറം ആശംസകൾ അറിയിച്ചു. ഫൊക്കാന പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബ്ബിനാറിൽ സരൂപാ അനിൽ ആയിരുന്നു അവതാരിക. ട്രഷറർ എബ്രഹാം കളത്തിലിന്റെ നന്ദി പ്രസംഗത്തിലൂടെ പരിപാടി സമാപിച്ചു.