ചണ്ഡീഗഡ്: ദേശീയ പതാക വാങ്ങാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. റേഷൻ വാങ്ങാനെത്തിയ ആളുകളെ കൊടി വാങ്ങാൻ നിർബന്ധിച്ച ഹെംദ വില്ലേജിലെ ന്യായവില കടയിലെ ഡീലറുടെ റേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
ദേശീയ പതാക വാങ്ങാൻ താൽപ്പര്യമില്ലെങ്കിലും ആർക്കും സേവനങ്ങളൊന്നും നിഷേധിക്കില്ല. ‘ഹർ ഘർ തിരംഗ അഭിയാൻ’ പ്രകാരം ആളുകൾക്ക് സ്വമേധയാ പതാക വാങ്ങാം,” മുഖ്യമന്ത്രിയെ ഉദ്ധരിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ ഫുഡ് ആൻഡ് സപ്ലൈസ് കൺട്രോളർ (ഡിഎഫ്എസ്‌സി) ന്യായവില കടയുടെ പ്രതിമാസ റേഷൻ വിതരണം ഇതിനകം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
ഡിപ്പോ ഉടമ ദിനേശ് കുമാർ റേഷൻ കാർഡ് ഉടമകൾക്ക് പതാകകൾ നിർബന്ധിച്ച് വിൽക്കുകയും റേഷൻ കാർഡ് ഉടമകളെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു. പൊതുവിതരണ കേന്ദ്രങ്ങളിൽ ത്രിവർണ പതാകകളുടെ ലഭ്യത പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഉറപ്പാക്കിയതിനാൽ പതാക വാങ്ങാൻ അധികം പോകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. പതാക വാങ്ങാൻ ആരെയും നിർബന്ധിക്കാനാവില്ല, അതിൽ പറയുന്നു.