കാസർകോട്: ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സുപ്രധാന പോരാട്ടഭൂമിയായിരുന്നു കാഞ്ഞങ്ങാട്. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് തന്നെ ദേശീയ വിദ്യാഭ്യാസ പ്രചരണ കേന്ദ്രമായി മാറി. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി വെള്ളിക്കോത്ത് പ്രദേശത്ത് വിജ്ഞാനദായിനി നാഷണൽ സ്കൂൾ സ്ഥാപിച്ചു. 1926ൽ വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ സംസ്‌കൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളായി മാറിയ കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ തുടങ്ങിയവര്‍.
ഗാന്ധിജി വിഭാവനം ചെയ്ത നാഷണൽ സ്‌കൂളിന്റെ മാതൃകയിൽ കാഞ്ഞങ്ങാട്ടും വിജ്ഞാനദായിനി സ്ഥാപിച്ചു. വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ ദേശീയ വിദ്യാലയം സ്വാതന്ത്ര്യ സമരചരിത്രം വിളിച്ചോതുന്നു. അന്ന് യോഗങ്ങൾ നടന്നിരുന്ന ആൽമരം ഇപ്പോഴും പ്രദേശത്ത് തലയുയർത്തി നിൽക്കുന്നു. ചരിത്രങ്ങൾ ചിത്രങ്ങളായി ചുമരിൽ ഇടം പിടിച്ചിരിക്കുന്നു. 1926 ഏപ്രിൽ 17-ന് എ.സി.കണ്ണൻ നായർ തറക്കല്ലിടുകയും അതേ വർഷം തന്നെ വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
ദേശീയ വിദ്യാഭ്യാസ പ്രചരണത്തിനായാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും പിന്നീട് ദേശീയപ്രസ്ഥാനത്തിന്‍റെ കേന്ദ്രം തന്നെയായി അത് മാറി. ഇവിടുത്തെ ആദ്യകാല അധ്യാപകരും വിദ്യാർഥികളും പഠനത്തോടൊപ്പം അയിത്തോച്ചാടനം പോലെയുള്ള സാമൂഹ്യ മുന്നേറ്റങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ട്. വെള്ളിക്കോത്ത് പ്രദേശത്ത് 1921ൽ എ.സി കണ്ണൻ നായരും വിദ്വാൻ പി കേളുനായരും ചേർന്ന് ദേശീയ പ്രസ്ഥാന സന്ദേശം പ്രചരിപ്പിക്കാൻ ഒരു വായനശാല ആരംഭിച്ചിരുന്നു. അവിടത്തന്നെയാണ് ദേശീയ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വിജ്ഞാനദായിനി എന്ന പേരിൽ സംസ്‌കൃത വിദ്യാലയം തുടക്കം കുറിച്ചതും.
അഖിലേന്ത്യ തലത്തിൽ ഇത്തരം സ്‌കൂളുകൾ നിലവിൽ വരുന്നതിന്‍റെ ഭാഗമായാണ് വിജ്ഞാനദായിനിയുടെയും പിറവി. ആദ്യ ഘട്ടത്തില്‍ 95 കുട്ടികളാണ് വിദ്യാലയത്തില്‍ ചേര്‍ന്നത്. ഭാരത മാതാവിനും ഗാന്ധിജിക്കും ജയ് വിളിച്ചാണ് സ്‌കൂൾ ആരംഭിച്ചത്. സി.ആർ ദാസ്, വിവേകാനന്ദൻ, ടാഗോർ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്‌കൂളിൽ തൂക്കുകയുണ്ടായി. നമ്പൂതിരി പെൺകുട്ടികളും മറക്കുട നീക്കി സ്‌കൂളിലെത്തി. ഹരിജൻ കുട്ടികൾക്കും പ്രവേശനം നൽകി. അങ്ങനെ വലിയ തോതില്‍ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമായി.
അങ്ങനെയിരിക്കെ, സി എം നാരായണി എന്ന കുട്ടി തൊട്ടുകൂടായ്‌മക്കെതിരെ സ്‌കൂളിൽ സംസാരിച്ചു. ഇത് നാട്ടിലെ സവർണരായ പ്രമാണിമാരെ വല്ലാതെ ഞെട്ടിക്കുകയുണ്ടായി. വിദ്യാലയത്തിന് ഫണ്ട് സ്വരൂപിക്കാൻ കുട്ടികൾ നിരവധി നാടകങ്ങളാണ് അവതരിപ്പിച്ചത്. പുരോഗമന ആശയക്കാരുടെ നിരന്തര ഇടപെടൽ അങ്ങനെ വിജ്ഞാനദായിനി സ്‌കൂളിനെ ദേശീയ പ്രസ്ഥാനത്തിന്‍റെ അരങ്ങാക്കി മാറ്റി. 1925 ജനുവരി ഒന്നിന് കാഞ്ഞങ്ങാട് ചേർന്ന കോൺഗ്രസ് പ്രവർത്തകയോഗം പ്രദേശത്ത് വിപുലമായ ഒരു ഖദർശാല തുടങ്ങാൻ തീരുമാനിച്ചു. ഇത് ഖാദി പ്രചരണത്തിന്‍റെ ആവേശം കൂട്ടിയതിനൊപ്പം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്ക് കൂടുതല്‍ ദിശാബോധം നൽകുകയുണ്ടായി.
1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹോസ്ദുർഗ് യൂണിറ്റ് രൂപീകരിച്ചു. എ സി കണ്ണൻ നായർ ആദ്യ പ്രസിഡന്റും കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ആദ്യ സെക്രട്ടറിയുമായിരുന്നു. വിദേശവസ്ത്ര ബഹിഷ്‌കരണം, മദ്യവര്‍ജ്ജനം, ഹരിജനോദ്ധാരണം തുടങ്ങിയ പ്രതിഷേധ പരിപാടികൾ സ്‌കൂൾ പരിസരത്ത് സജീവമായി നടന്നു. കാഞ്ഞങ്ങാട് വിജ്ഞാനദായിനി ആരംഭിച്ച് 21 വർഷങ്ങൾക്ക് ശേഷമാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന ഈ വേളയില്‍ കാഞ്ഞങ്ങാട്ടെ ഈ സ്കൂൾ വിപ്ലവം രാജ്യത്തെ ഓരോ പൗരനും അഭിമാനമാണ്.