കണ്ണൂർ: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 15-ന് സ്മൃതി ജാഥകൾ നടക്കും. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അനുസ്മരണ ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹം ആരംഭിച്ച ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാർക്കിലേക്ക് നടക്കുന്ന സ്മൃതി യാത്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ.ടി. സഹദുല്ല പ്രസംഗിക്കും. തളിപ്പറമ്പില്‍ രാവിലെ പത്ത് മണിക്ക് ഖാഇദെ മില്ലത്ത് സെന്റര്‍ പരിസരത്ത് നിന്ന് ഹൈവെ പ്ലാസയിലേക്ക് നടത്തുന്ന യാത്ര ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ പ്രസംഗിക്കും.
ഇരിക്കൂര്‍ മണ്ഡലം കമ്മറ്റി വൈകീട്ട് നാലരയ്ക്ക് പഴയങ്ങാടിയില്‍ നിന്ന് ശ്രീകണ്ഠാപുരത്തേക്ക് നടത്തുന്ന സ്മൃതിയാത്ര മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ അഡ്വ. എസ്. മുഹമ്മദ്, എം.പി.എ. റഹീം പ്രസംഗിക്കും.
സംസ്ഥാനത്തെ 75 കേന്ദ്രങ്ങളിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് സ്മൃതി ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ പഞ്ചായത്ത്, ബ്രാഞ്ച് കമ്മിറ്റികൾ പതിവുപോലെ അതത് സ്ഥലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടത്തും.