ന്യൂഡൽഹി: അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്ഥാനിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. അതോടൊപ്പം ജാഗ്രതാ നിർദേശം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജോധ്പൂർ, ബിക്കാനീർ, ജയ്പൂർ, ഭരത്പൂർ, അജ്മീർ ഡിവിഷനുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബൻസ്വാര, പ്രതാപ്ഗഡ്, ദുംഗർപൂർ, ജലവാർ, ഉദയ്പൂർ, സിരോഹി ജില്ലകളിലും കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗസ്വരയിലെ ദൻപൂരിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 201 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയത്.
ജയ്പൂർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറയുന്നതനുസരിച്ച്, രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ, ചിറ്റോർഗഡിൽ 37 മില്ലിമീറ്റർ, ബാരനിലെ ഛബ്രയിൽ 24 മില്ലിമീറ്റർ, ഉദയ്പൂരിൽ 16 മില്ലിമീറ്റർ, കോട്ടയിൽ 6.5 മില്ലിമീറ്റർ, ദുംഗർപൂർ 5.5 മില്ലിമീറ്റർ, ബൻസ്വാരയിൽ 3.5 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. കിഴക്കൻ രാജസ്ഥാനിലെ മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 12, 13, 15 തീയതികളിൽ പടിഞ്ഞാറൻ രാജസ്ഥാനിൽ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 13 മുതൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുകയാണെന്നും അതിനാൽ ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്ത് മഴ വർധിക്കും.