ന്യൂഡൽഹി: 2012ലെ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്തിരുന്നതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ അന്വേഷണ ഏജൻസി ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
വേണുഗോപാലിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
സോളാർ സൊല്യൂഷനും സൗരോർജ പദ്ധതികളിൽ ഓഹരിയും വാഗ്ദാനം ചെയ്ത് നിരപരാധികളെ വഞ്ചിച്ച മുഖ്യപ്രതി, 2013ൽ അന്നത്തെ എംഎൽഎയും ഇപ്പോഴത്തെ എംപിയുമായ ഹൈബി ഈഡൻ, കെ.സി.വേണുഗോപാൽ, മുൻ മുഖ്യമന്ത്രി എന്നിവരാൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കത്തയച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി എ.പി അനിൽകുമാർ, കോൺഗ്രസ് എം.പി അടൂർ പ്രകാശ്, ബി.ജെ.പി നേതാവ് എ.പി അബ്ദുള്ള കുട്ടിഎന്നിവരുടെ പേരുകളാണ് നല്‍കിയത്. ഇത് സംബന്ധിച്ച് ആദ്യം ലോക്കൽ പോലീസിൽ കേസെടുക്കുകയും പിന്നീട് സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം 2021 ഓഗസ്റ്റിൽ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. നീതിപൂർവമായ അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്.
അതേസമയം കേസില്‍ ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ കഴിഞ്ഞദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കേസില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും പരാതിക്കാരിക്കും തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.