കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു. അതിനു പകരമായാണ് കേസ് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ഇ.ഡി അപ്രതീക്ഷിതമായി ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഉത്തരേന്ത്യയിൽ നിന്നുള്ള ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതലയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയെങ്കിലും പകരം ഉദ്യോഗസ്ഥനെ ഇതുവരെ നിയമിച്ചിരുന്നില്ല. രാധാകൃഷ്ണൻ ഈയാഴ്ച ചെന്നൈയിൽ ചുമതലയേറ്റാൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലും ചുമതലയേറ്റേക്കും.
അന്വേഷണം ഉത്തരേന്ത്യക്കാരന്റെ കീഴില്‍ വരുമ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. മാത്രമല്ല അന്വേഷണം പൂര്‍ണമായും കേന്ദ്രഡയറക്ടറേറ്റിന്റെ കീഴിലാവുകയും ചെയ്യും.
മലയാളിയായ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നതരെ ചോദ്യം ചെയ്യാൻ താൽപര്യമില്ലെന്നതാണ് രാധാകൃഷ്ണനെ സ്ഥലം മാറ്റിയതിന് പിന്നിലെന്നാണ് അറിയുന്നത്. മാത്രമല്ല, കേസ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റാനുള്ള പി രാധാകൃഷ്ണന്റെ നീക്കം കേരളത്തിലെ കേന്ദ്രസർക്കാരിന്റെ അഭിഭാഷകർ പോലും അറിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നു. ഇതും പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് കാരണമായതായി ചിലർ ചൂണ്ടിക്കാട്ടുന്നു.