ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) പശ്ചാത്തലത്തിൽ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധങ്ങൾ ജൈവികമോ സ്വതന്ത്രമോ ആയ പ്രസ്ഥാനമല്ലെന്ന് ഡൽഹി പോലീസ് ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്ഡിപിഐ) ഷഹീൻ ബാഗിന് പിന്നിൽ പ്രവർത്തിച്ചിരുന്നുവെന്നും വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ നാട്ടുകാർ പിന്തുണച്ചില്ലെന്നും പൊലീസ് പറഞ്ഞു.
2020 ഫെബ്രുവരിയിൽ ഇവിടെ നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെയാണ് പോലീസ് കോടതിയില്‍ ഈ വിവരം നല്‍കിയത്.
ഷഹീൻ ബാഗ് ഒരു പൊതുവികാരത്തില്‍ നിന്ന് ഉടലെടുത്തതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതല്ലായിരുന്നു. പെട്ടെന്ന് രൂപാന്തരപ്പെട്ട ആള്ക്കൂട്ടമല്ലായിരുന്നു അത്. പ്രതിഷേധ സ്ഥലം നേരത്തെ തീരുമാനിച്ചതായിരുന്നു എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനിഷ് ഭട്നാഗർ എന്നിവരുടെ ബെഞ്ചിനോട് പറഞ്ഞു.
ഷഹീൻ ബാഗിലെ ദാദികളല്ല (മുത്തശ്ശിമാർ) പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഷഹീൻ ബാഗിന് പിന്നിൽ പല സംഘടനകളുടെയും വ്യക്തികളുടെയും ഒരു സഖ്യമുണ്ടായിരുന്നു. ഷഹീൻ ബാഗ് ഒരു സ്വതന്ത്ര പ്രസ്ഥാനമായിരുന്നില്ല.
പ്രതികളെന്ന് പേരിട്ടിരിക്കുന്നവർ ഉൾപ്പെടെ പ്രതിഷേധ സ്ഥലങ്ങള്‍ സംഘടിപ്പിക്കുന്നതിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വിവിധ വ്യക്തികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ട ചാറ്റ് സന്ദേശങ്ങളുടെ ഭാഗങ്ങൾ പ്രസാദ് വായിച്ചു. ഈ വ്യക്തികൾ അത്തരം സ്ഥലങ്ങളിൽ സന്നിഹിതരായിരിക്കാൻ ആഹ്വാനം ചെയ്യുകയും ജനക്കൂട്ടത്തെ അണിനിരത്തുകയും, അവർക്ക് പിന്തുണ നൽകുകയും ചെയ്തു.
എന്നാല്‍, നാട്ടുകാർ പിന്തുണച്ചില്ല. ഈ സ്ഥലങ്ങളിലേക്ക് മറ്റിടങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചിട്ടുണ്ട്, ആളുകളെ എങ്ങനെയാണ് മാറ്റിയതെന്ന് എനിക്ക് ചാറ്റിൽ നിന്ന് കാണിക്കാൻ കഴിയും, അവർ ഷഹീൻ ബാഗിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിരുന്നു, എസ്പിപി കൂട്ടിച്ചേർത്തു.
2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ സൂത്രധാരന്മാർ എന്നാരോപിച്ച് ഖാലിദ്, ഷർജീൽ ഇമാം എന്നിവരും മറ്റ് നിരവധി പേർക്കെതിരെയും തീവ്രവാദ വിരുദ്ധ നിയമം (യുഎപിഎ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. നിരവധി പേര് കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ആദ്യം 2019 ലും പിന്നീട് 2020 ഫെബ്രുവരിയിലും രണ്ട് ഘട്ടങ്ങളിലായാണ് കലാപങ്ങൾ നടന്നതെന്നും റോഡ് ഉപരോധം, പോലീസ് ഉദ്യോഗസ്ഥർ, അർദ്ധസൈനിക സേനയ്ക്കെതിരായ ആക്രമണം, അക്രമങ്ങൾ എന്നിവ കൂടാതെ കലാപത്തിനിടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും ഈ മാസം ആദ്യം പോലീസ് വാദിച്ചിരുന്നു.
കേസിലെ വിവിധ പ്രതികൾ നടത്തിയ പ്രസംഗങ്ങൾക്ക് ഒരു പൊതു ഘടകമുണ്ടെന്ന് എസ്പിപി വാദിച്ചു. മുസ്ലീം സമൂഹത്തില്‍ ഭയം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഖാലിദും മറ്റ് കുറ്റാരോപിതരും നടത്തിയ ചില പ്രസംഗങ്ങളെ പരാമർശിക്കവേ, നിങ്ങൾ ബാബറി മസ്ജിദിനെക്കുറിച്ചോ മുത്തലാഖിനെക്കുറിച്ചോ സംസാരിക്കുമ്പോൾ അവ ഒരു മതവുമായി ബന്ധപ്പെട്ടതാണെന്ന് എസ്പിപി പറഞ്ഞു. എന്നാൽ, കശ്മീരിനെക്കുറിച്ച് പറയുമ്പോൾ അത് മതത്തിന്റെ പ്രശ്നമല്ല, ദേശീയോദ്ഗ്രഥനത്തിന്റെ പ്രശ്നമാണ്.
കലാപത്തിനുള്ള ഗൂഢാലോചനയുടെ ഭാഗമായി ബന്ധപ്പെട്ട സമയത്ത് ഈ പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം വാദിച്ചു.
2020 സെപ്റ്റംബർ 13 ന് ഖാലിദ് അറസ്റ്റിലായി, അതിനുശേഷം കസ്റ്റഡിയിലാണ്. ഖാലിദിന് പുറമെ ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎൻയു വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗർ, മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ തുടങ്ങി നിരവധി പേർക്കെതിരെയും കർശന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗത്വത്തിന്റെ പേരില്‍ ക്രിമിനൽ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഖാലിദിന്റെ അഭിഭാഷകൻ നേരത്തെ പറഞ്ഞിരുന്നു.
പ്രോസിക്യൂഷൻ ഉദ്ധരിച്ച അഞ്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ താൻ രണ്ട് ഗ്രൂപ്പുകളിൽ അംഗമാണെന്നും അതിൽ നിശബ്ദത പാലിച്ചുവെന്നും ഒരു ഗ്രൂപ്പിൽ നാല് സന്ദേശങ്ങൾ മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും ഖാലിദ് പറഞ്ഞിരുന്നു.
കൂടുതൽ വാദം കേൾക്കാന്‍ കേസ് ഓഗസ്റ്റ് 25-ലേക്ക് മാറ്റി.