ആസാദ് കാശ്മീർ പരാമർശം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവല്ല: ജമ്മു കശ്മീരിനെയും പാക് അധീന കശ്മീരിനെയും (പിഒകെ) സംബന്ധിച്ച് അടുത്തിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ മന്ത്രിയും എൽഡിഎഫ് എംഎൽഎയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പൊലീസിന് നിർദേശം നൽകി.

ദേശവിരുദ്ധ പരാമർശം നടത്തിയ ജലീലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് പത്തനംതിട്ട ജില്ലാ നേതാവ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം.

ജലീലിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ എസ്എച്ച്ഒ കീഴ്‌വായ്പൂര്‍ പോലീസ് സ്റ്റേഷനോട് കോടതി നിർദ്ദേശിച്ചതായി ഹർജിക്കാരന്റെ അഭിഭാഷകൻ വി ജിനചന്ദ്രൻ പറഞ്ഞു.

ഓഗസ്റ്റ് 12 ന് മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രയ്ക്ക് പിന്നാലെ ജലീല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ജമ്മുവും കശ്മീരും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന കുറിപ്പിലെ വരികള്‍ പരോക്ഷമായി പാക്കിസ്ഥാനെ പുകഴ്ത്തലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് കെ.ടി.ജലീല്‍ തന്റെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്തതായും പോസ്റ്റ് പിന്‍വലിക്കുന്നതായും അറിയിച്ചിരുന്നു.

അതേസമയം ഇതേസംഭവത്തില്‍ കെ.ടി.ജലീലിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്.മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറിയിരുന്നു.

പിന്നീട് തന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. നിരവധി പേർ, പ്രത്യേകിച്ച് ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News