കുന്നംകുളം: പതിനാല് സെന്റ് സ്ഥലവും വീടും സ്വന്തമാക്കാന്‍ മകൾ അമ്മയ്ക്ക് എലിവിഷം നൽകി കൊലപ്പെടുത്തി. കീഴൂർ ചൂഴിയാറ്റയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ അച്ഛനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് അറിയിച്ചു. കീടനാശിനി ചായയില്‍ കലര്‍ത്തിയായിരുന്നു കൊലപാതക ശ്രമം. എന്നാല്‍ രുചിമാറ്റം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന് ചായ ഉപേക്ഷിക്കുകയായിരുന്നു. പാറ്റയെ കൊല്ലാനുള്ള കീടനാശിനിയാണ് അച്ഛന്റെ ചായയില്‍ കലര്‍ത്തി നല്‍കിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ ഇന്ദുലേഖ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി എട്ട് ലക്ഷത്തിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ബാധ്യത ഭര്‍ത്താവ് അറിയാതെ തീര്‍ക്കാനാണ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ദുലേഖയും കൂടി ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഭക്ഷ്യവിഷബാധയേറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പരിശോധനയില്‍ കരളില്‍ നീര്‍ക്കെട്ട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുന്നത്.
തൃശൂരിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു. 23ന് രാവിലെ ആറരയോടെയാണ് രുഗ്മണിയുടെ മരണം. തുര്‍ന്ന് തൃശൂര്‍ ഗവ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പിതാവ് ചന്ദ്രന് തന്നെയാണ് സംശയം പൊലീസിനോട് പറഞ്ഞത്. ഒടുവില്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണത്തില്‍ ഗുളികകള്‍ കലര്‍ത്തി നല്‍കാറുണ്ടെന്നും മകൾ മൊഴി നൽകി.
കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ട് അമ്മയോട് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് നല്കാന് അമ്മ തയാറാകാതെ വന്നതോടെയാണ് കൊലപാതകത്തിനുള്ള കരുക്കള്‍ നീക്കിയത്. എട്ട് ലക്ഷം രൂപയുടെ കടം ഇന്ദുലേഖയ്ക്കുണ്ട്.
ഇത് വീട്ടാനായി പിതാവിന്റെ പേരിലുള്ള 14 സെന്റ് സ്ഥലവും വീട് പണയപ്പെടുത്താനായിരുന്നു ശ്രമം. ഇതിന് അമ്മ സമ്മതിക്കാതെ വരുമെന്നതാണ് കൊലപാതകത്തിന് കാരണം. ശരീരത്തെ ബാധിക്കുന്ന വിഷം ഏതൊക്കെയെന്ന് ഫോണില്‍ ഇന്ദുലേഖ സേര്‍ച്ച് ചെയ്തതിന്റെ ഹിസ്റ്ററിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രനും രുഗ്മണിക്കും ഇന്ദുലേഖയെ കൂടാതെ മറ്റൊരു മകളുണ്ട്. ഉത്സവപ്പറമ്പുകളിലെ ബലൂൺ കച്ചവടക്കാരനാണ് ചന്ദ്രൻ.