പാലക്കാട്: കെടിഡിസി ചെയർമാനും സിപിഎം നേതാവുമായ പികെ ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാർക്കാട്ടെ സഹകരണ സംഘങ്ങളിൽ അനധികൃത നിയമനം നടക്കുന്നതായി പരാതി. മണ്ണാർക്കാട് നഗരസഭാ അംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ മൻസൂർ നൽകിയ പരാതിയിലാണ് നടപടി.
മണ്ണാർക്കാട് നഗരത്തിലും പരിസര പ്രദേശത്തുമുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ പികെ ശശിയുടെ നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിക്ക് മൻസൂർ നൽകിയിരിക്കുന്ന പരാതി. നേരത്തെ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.
ശശിയുമായി അടുത്ത ബന്ധമുള്ളവരുടെ മക്കളും മരുമക്കളും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്ക് പാർട്ടി അറിയാതെ നിയമനം നടത്തുന്നുണ്ടെന്നും മൻസൂറിന്റെ പരാതിയിൽ പറയുന്നു. പരാതി പരിശോധിച്ച് സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് പറയുന്നു.