തിരുവനന്തപുരം: പാർട്ടിയുടെ പുതുതായി നിയമിതനായ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. സ്പീക്കർ എം ബി രാജേഷിനെ മന്ത്രിയാക്കാനും രാജേഷിന് പകരം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എ എൻ ഷംസീറിനെ സ്പീക്കറായി നിയമിക്കാനും തീരുമാനമായി. ഇന്നലെ ചേർന്ന സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ആരോഗ്യ പ്രശ്നങ്ങൾ മൂലം കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനാലാണ് ആ സ്ഥാനത്തേക്ക് എം വി ഗോവിന്ദൻ എത്തുന്നത്. ഓണത്തിന് മുൻപ് തന്നെ മന്ത്രിയായി എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ എം.വി.ഗോവിന്ദന്‍ വഹിച്ചിരുന്ന എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പുകളായിരിക്കാം എം.ബി.രാജേഷിന് ലഭിക്കുക. തൃത്താല എം.എല്‍.എയാണ് എം.ബി.രാജേഷ്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ സ്പീക്കര്‍ സ്ഥാനം വഹിച്ചിരുന്ന എം.ബി.രാജേഷ് മുന്‍ എം.പി കൂടിയാണ്.
എ.എന്‍.ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് ഇപ്പോള്‍ നികത്തുന്ന കാര്യം സി.പി.എം തീരുമാനിച്ചിട്ടില്ല.