കാലം ‘കണ്ണാരംപൊത്തി’ കളിക്കവേ
കളംമാറി പോകുന്നു ജീവിതങ്ങൾ.
ആവണി കാറ്റിൻറെ ചീറലിൽ
ആവണി പക്ഷിയും നിശബ്ദമാകുന്നു.
രാക്കൊതിച്ചി തുമ്പികളെ കാണാതെ
രാവും തിങ്കളിൽ മിഴി നട്ടിരിക്കുന്നു.
തേഞ്ഞുത്തീരാറായൊരു പെരുമ്പറ
തേട്ടിയതുപോലൊരു നാദമുയർത്തുന്നു.
മച്ചിൻപുറത്തെ മാറാലക്കെട്ടിലൊരു
മലർക്കൂടയുടെ ഏങ്ങലുയരുന്നു.
തമ്പാനിഷ്ട സൂനങ്ങളാം മുക്കുത്തിയും
തുമ്പയും കാശിത്തുമ്പയും; പിന്നെ,
തുളസി, ചെമ്പരത്തി, കുടമുല്ല, റോസ,
തെച്ചി, പിച്ചകം, മുല്ല, മന്ദാരം, അരളി,
തോനെ പൂക്കും കനകാംബരം, മണിപ്പൂ
തഴച്ചുനിൽക്കും പവിഴമല്ലി, രാജമല്ലി,
തടിയൻ ഗന്ധരാജൻ, വേണുപത്രി,
തുടുത്ത ജണ്ടുമല്ലി, ജമന്തി, വാടാർമല്ലി,
തൂവെള്ള നന്ത്യാർവട്ടം, ശംഖുപുഷ്പം,
തൂങ്ങിയാടും കോഴിവാലൻ, മഷിപ്പൂ,
തൊട്ടാർവാടി, കൊങ്ങിണി, കണ്ണാന്തളി,
താമര, ആമ്പൽ, നെല്ലിപ്പൂ, കായാമ്പൂ,
തീമുള്ള്, കാക്കപ്പൂയിത്യാദികളുമിറുത്തു
മാബലി മന്നനു കൃഷ്ണകിരീടം തേടുന്ന
മലരുകളുടെ ശിഞ്ജിതം കേൾക്കാതെ
ഒയ്യാരമിട്ട്; പുന്നാരം കേട്ട്; പയ്യാരമില്ലാതെ
ഓലപ്പന്തുക്കളിയും ഓലപ്പീപ്പി വിളിയും
ഓണംതുള്ളലും പാവക്കൂത്തും കഴിഞ്ഞു
‘ഓണം’ ആലസ്യം പൂണ്ടുറങ്ങുന്നു; ഞാനും..!