ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷൻറെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷത്തിന് വേദിയൊരുക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്). സെപ്റ്റംബർ 10 ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്കാണ് ഓണാഘോഷ പരിപാടികൾ ആരംഭിക്കുക. സ്റ്റാഫോർഡിലെ സെൻറ് ജോസഫ് ഹാളിലാണ് വേദിയൊരുങ്ങുക. പതിനൊന്നരയോടുകൂടി ഓണം ഘോഷയാത്രയും താലപ്പൊലി ചെണ്ടമേളം നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി മഹാബലി എഴുന്നെള്ളത്തും നടക്കും. തുടർന്ന് പൊതുസമ്മേളനവും 12 മണിയോടെ ഓണസദ്യയും ആരംഭിക്കും. തുടർന്നാണ് കലാപരിപാടികൾ അരങ്ങേറുക. തിരുവാതിര, നൃത്ത നൃത്യങ്ങൾ, ഫ്യൂഷൻ വാദ്യ മേളങ്ങൾ, സ്കിറ്റ് എന്നിവ അവതരിപ്പിക്കപ്പെടും.
ആയിരത്തി അഞ്ഞൂറോളം പേർക്കാണ് ഇത്തവണ ഓണസദ്യ ഒരുക്കുക എന്ന് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ് എന്നിവർ അറിയിച്ചു. കോവിഡ് കാലത്തേ മാന്ദ്യത്തിനു ശേഷം മലയാളികൾക്ക് ഒത്തുകൂടാൻ ഒരുവേദിയൊരുങ്ങുകയാണ്. ഹൂസ്റ്റണിലെ സ്വാദിന്റെ കലവറ എന്നറിയപ്പെടുന്ന സത്യാ കേറ്റേഴ്സ് ആണ് സദ്യ ഒരുക്കുക. ആയിരത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട് എന്ന് ഭാരവാഹികൾ പറഞ്ഞു.
ഫോട്ബെൻഡ് ജഡ്ജ് ശ്രി കെ പി ജോർജ്, മിസ്സോറി സിറ്റി മേയർ ശ്രി റോബിൻ ഇലക്കാട്ട്, കൗണ്ടി കോർട് ജഡ്ജ് ശ്രീമതി ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ ശ്രീ കെൻ മാത്യു എന്നിവർ പങ്കെടുക്കും.എല്ലാംകൊണ്ടും ഹ്യൂസ്റ്റൻമലയാളികൾക്കു കേരളത്തനിമയാർന്ന ഒരു ഓണാഘോഷം കാഴ്ചവെക്കുവാൻ ഉള്ള പ്രയത്നത്തിലാണ് മാഗ് ഭാരവാഹികൾ.