ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 3 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
പ്രൗഢഗംഭീരമായിരുന്ന ചടങ്ങിൽ ആദരണീയനായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ആദരണീയനായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫുഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഹൂസ്റ്റൺ മലയാളം സൊസൈറ്റി അംഗവും സാഹിത്യകാരനും പ്രമുഖ മാധ്യമപ്രവർത്തകനുമായ എ.സി. ജോർജ്, ടി.എൻ.ശാമുവേൽ, നൈനാൻ മാത്തുള്ള, കെഎച്ച്എൻഎ ദേശീയ പ്രസിഡണ്ട് ജി.കെ.പിള്ള, ഡാളസിൽ നിന്നും അതിഥിയായി കടന്നു വന്ന ഡോ.ശ്രീകുമാർ, ഈ പ്രാവശ്യം ഫോർട്ട് ബെന്റ് കൗണ്ടിയിൽ കോർട്ട് ഹൌസ് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സുരേന്ദ്രൻ.കെ.പട്ടേൽ, മറിയാമ്മ ഉമ്മൻ, പൊന്നു പിള്ള തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
മാർത്താ ചാക്കോയും പൊന്നു പിള്ളയും ചേർന്ന് ആലപിച്ച “അഖിലാണ്ഡമണ്ഡലമ ണിയിച്ചൊരുക്കി” എന്ന ഈശ്വര പ്രധാന ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
ജഡ്ജ് കെ.പി. ജോർജ്, മേയർ റോബിൻ ഇലക്കാട്ട്, സിറ്റി കൗൺസിൽമാൻ കെൻ മാത്യു എന്നിവർ അവരവരുടെ കൗണ്ടി, സിറ്റികളിൽ ചെയ്യുന്ന ജനോപകരപ്രദമായ വിവിധ പ്രവർത്തനങ്ങളെപ്പറ്റി സംക്ഷിപ്ത വിവരണം നൽകി ഓനാശംസകൾ അറിയിച്ചു. .
പൊന്നു പിള്ള കേരള സീനിയർസ് ഓഫ് ഹൂസ്റ്റന്റെ നാളിതുവരെയുള്ള പ്രവർത്തന ങ്ങളെയും ഭാവി പ്രവർത്തഞങ്ങളെയും പറ്റി വിവരിച്ചു. 20 വർഷങ്ങളായി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റൺ. കേരളത്തിലും ഹൂസ്റ്റണിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് ഹൂസ്റ്റണിലെ കലാ സാംസ്‌കാരിക വേദികളിൽ എപ്പോഴും നിറ സാന്നിധ്യമായിരിയ്ക്കുന്ന ശ്രീമതി പൊന്നു പിള്ളയാണ്.
എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ജി.കെ. പിള്ള എന്നിവർ സംഘടനയ്ക്ക് ആശംസകളും ഓണാശംസകളും നേർന്നു. ഡോ. മനു ചാക്കോ മാവേലി മന്നന്റെ വരവിനെ കുറിച്ച് ആലപിച്ച ഓണപ്പാട്ടും ടി.എൻ ശാമുവേൽ ആലപിച്ച ഓണ കവിതയും ആഘോഷത്തിന് മികവ് നൽകി. ഫാൻസിമോളും സുകുമാരൻ നായരും നേതൃത്വം നൽകിയ വള്ളപ്പാട്ട് “തിത്തിത്താര തിത്തിത്തേയ്” എല്ലാവരും ചേർന്ന് ഏറ്റുപാടിയപ്പോൾ ഗൃഹാതുരത്വ സ്മരണകൾ ഉണർത്തിയ ആഘോഷമായി.
ജോർജ് തോമസ്, ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു),വാവച്ചൻ മത്തായി, ഗിരിജ, മനോജ് തുടങ്ങിയവർ രുചിയും സ്വാദും നിറഞ്ഞ ഓണസദ്യയുടെ വിളമ്പലിന് നേതൃത്വം നൽകി. എല്ലാവരും ചേർന്ന് ഒരു കുടുംബമായി ആസ്വദിച്ച ഈ ഓണാഘോഷം എന്നും ഓർമ്മകളിൽ ഉണ്ടായിരിക്കുമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
100 ൽ പരം ആളുകൾ പങ്കെടുത്ത ഓണാഘോഷം വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം നാലു മണിയോട് കൂടി പര്യവസാനിച്ചു.