തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ വിപുലമായ പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ ഈ മാസം 20ന് ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് പ്രധാനം.
തെരുവുനായ്ക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ തുറക്കും. നായകളെ പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധത സേനയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.