ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും, അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും ന്യൂയോർക്കിലെ ഏതാനും സാംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18-ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ച് നടത്തപ്പെടുന്നു (26 North Tyson Ave, Floral Park, NY 11001). ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ച് തീയേറ്ററുകളിലൂടെ പ്രദർശനം നടത്തി വരുന്നതും ഇതിനോടകം ധാരാളം സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയതുമായ “ലോക്ക്ഡ് ഇൻ” എന്ന മലയാളം സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ അവാർഡ് നിശയും കലാ സന്ധ്യയും സംഘടിപ്പിക്കുന്നത്. ന്യൂയോർക്കിൽ തന്നെയുള്ള നിരവധി അനുഗ്രഹീത കലാകാരന്മാരുടെ കലാ പ്രകടനവും അതോടൊപ്പം നടത്തപ്പെടുന്നതാണ്.
WMC അമേരിക്കൻ റീജിയൺ വൈസ് ചെയർമാൻ കോശി ഓ. തോമസ്, നാഷണൽ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോർക്ക് പ്രൊവിൻസ് ചെയർമാൻ വർഗ്ഗീസ് എബ്രഹാം (രാജു), പ്രസിഡൻറ് ഈപ്പൻ ജോർജ്, സെക്രട്ടറി ജെയിൻ ജോർജ്, പി.ർ.ഓ. മാത്യുക്കുട്ടി ഈശോ തുടങ്ങിയവരാണ് അവാർഡ് നിശക്കും കലാ സന്ധ്യയ്ക്കും നേതൃത്വം നൽകുന്നത്.
കേരളത്തിന്റെ തനതായ ഉത്സവമായ ഓണം ആഘോഷവും അതോടനുബന്ധിച്ച് നടത്തുന്നുണ്ട്. അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ കലാ പരിപാടികളും കലാ നിശയിൽ അരങ്ങേറുന്നതാണ്. പ്രാദേശീകമായുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയുള്ള വേദിയാണിതെന്ന് സംഘാടക ടീം ലീഡർ കോശി ഓ. തോമസ് പ്രസ്താവിച്ചു. വിവിധ രാജ്യങ്ങളിലെ കലാമൂല്യമുള്ള പരിപാടികൾ ഒരു വേദിയിൽ കണ്ടാസ്വദിക്കുവാൻ ഉള്ള ഒരു അവസരമാണിത്. വിവിധ സ്പോണ്സർമാരുടെ സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. അതി മനോഹരമായ ഒരു കലാ സന്ധ്യ കണ്ടാസ്വദിക്കുവാൻ എല്ലാവരെയും ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിലേക്ക് അടുത്ത ഞായറാഴ്ച വൈകിട്ട് 5-ന് എത്തിച്ചേരുവാൻ സംഘാടകർ പ്രത്യേകം ക്ഷണിക്കുന്നു.