ഹൂസ്റ്റൺ: അമേരിക്കയിലെമ്പാടുമുള്ള കായിക പ്രേമികൾ നെഞ്ചോട് ചേർത്ത് വച്ച വോളീബോൾ എന്ന വികാരം, അതിൻ്റെ അത്യുന്നതിയിൽ ആസ്വദിക്കുന്ന നിമിഷങ്ങൾക്ക് ഹൂസ്റ്റൺ സാക്ഷിയായി.
ഹൂസ്റ്റൺ ചലഞ്ചേർസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എൻ. കെ. ലൂക്കോസ് വോളിബോൾ ടൂർണ്ണമെൻ്റ് ദേശീയ ശ്രദ്ധ നേടി
ടൂർണമെന്റ് സെപ്തംബർ 3 നു ശനിയാഴ്ച രാവിലെ 8.30 ന് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നും എത്തിയ എല്ലാ ടീമുകളും പങ്കെടുത്ത മാർച്ച് പാസ്റ്റോട് കൂടി തുടങ്ങി. രാവിലത്തെ വിശിഷ്ടാതിഥികളായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജും, എൻ.കെ ലൂക്കോസിൻ്റെ പത്നി ശ്രീമതി ഉഷ നടുപ്പറമ്പിലും ചേർന്ന് നിലവിളക്ക് കൊളുത്തി, ബോൾ ടോസ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു.
തുടർന്ന് കാണികൾ ആവേശത്തോടെയും കൈയ്യടിയോടും കൂടി ആസ്വദിച്ച ആദ്യ റൗണ്ട് മത്സരങ്ങൾ ഏകദേശം 4 മണിയോട് കൂടി തീർന്നു. 6 വോളിബോൾ കോർട്ടുകളുള്ള വിശാലമായ സ്പോർട്സ് ഫെസിലിറ്റി കാണികളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. പാർക്കിങ് ഏരിയ കൂടാതെ 12 ഏക്കറോളം വ്യാപിച്ച് കിടന്നിരുന്ന മൈതാനവും കാണികളുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.
വൈകിട്ട് 4 മണിയോടെ തുടങ്ങിയ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ശേഷം ഹൂസ്റ്റൺ ചാലഞ്ചേർസ്, കാലിഫോർണിയ ബ്ലാസ്റ്റേർസ്, ഡാളസ്സ് സ്‌ട്രൈക്കേഴ്‌സ് , ഫില്ലി സ്റ്റാർസ് എന്നീ ടീമുകൾ സെമിഫൈനലിൽ കടന്നു. ആവേശകരമായ സെമി ഫൈനലിൽ ഹൂസ്റ്റൺ ചലഞ്ചേർസ് ഡാളസ് സ്‌ട്രൈക്കേഴ്‌സിനേയും കാലിഫോർണിയ ബ്ലാസ്റ്റേർസ് ഫില്ലി സ്റ്റാർസിനേയും നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു.
തുടർന്ന് നടന്ന വാശിയേറിയ ഫൈനലിൽ ഹൂസ്റ്റൺ ചലഞ്ചേർസ് ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപെടുത്തി (25 – 20, 23 – 25, 15 – 9) കാലിഫോർണിയ ബ്ലാസ്റ്റർസ് 15 – മത് തുടർച്ചയായ രണ്ടാം തവണയും എൻ.കെ. ലൂക്കോസ് ടൂർണമെൻ്റിലെ കിരീടം നിലനിർത്തി.
തുടർന്ന് നടന്ന വർണാഭമായ സമ്മാനദാന ചടങ്ങിൽ മുഖ്യാഥിതിയായി മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും,സ്റ്റാഫോർഡ് സിറ്റി പ്രോടേം മേയർ കെൻ മാത്യുവും പങ്കെടുത്തു. പ്രാരംഭ പ്രവർത്തനങ്ങൾ തൊട്ടുള്ള പിന്തുണയും, ടൂർണമെൻ്റിൻ്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് തൊട്ട്, തൻ്റെ സാന്നിദ്ധ്യം കൊണ്ടും മഹനീയമാക്കിയ ഫാ. ജെക്കു സക്കറിയക്ക് ഹ്യൂസ്റ്റൺ ചലഞ്ചേഴ്‌സ് ഭാരവാഹികൾ നന്ദി അറിയിച്ചു.
ഇത്രയും വിജയകരമായി, ഹൂസ്റ്റണിൽ ഇതുവരെ നടന്ന എക്കാലത്തേയും മികച്ച മലയാളി സ്‌പോർട്സ് ടൂർണമെൻ്റാക്കി ഈ മെമ്മോറിയൽ ടൂർണമെൻറിനെ വൻ വിജയമാക്കി മാറ്റുവാൻ സഹായിച്ച നല്ലവരായ എല്ലാ സ്പോൺസേർസിനും , ക്ഷമയോടെയും ആവേശത്തോടെയും എല്ലാ മത്സരങ്ങളും അവസാനം വരെ വീക്ഷിച്ച എല്ലാ കാണികൾക്കും, ഈ ടൂർണമെൻ്റിൻ്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ടൂർണമെൻറ് ജനറൽ കൺവീനർ ജോജി ജോസ് , ജനറൽ കൺവീനർ വിനോദ് ജോസഫ്, ഫെസിലിറ്റി കോർഡിനേറ്റർ ജോസി ജേക്കബ്, ഷെറി ജേക്കബ്, ഫുഡ് കോർഡിനേറ്റർ സജി സൈമൺ, പോളച്ചൻ കിഴക്കേടൻ, ഷിബു ജോസഫ്, വോളന്റീയർ കോർഡിനേറ്റർ ലീന എഡ്വാർഡ്, എയ്ജി ജോർജ്, പബ്ലിസിറ്റി ജോജി ജോസഫ്, പ്രോസഷൻ – ആൻറണി ചേറു, ഐടി കോർഡിനേറ്റർ ചാൾസ് എഡ്വാർഡ് , കോർട്ട് മാനേജ്മെൻറ് ജോൺ ജോസഫ്, സെൻ അലക്സ് , റെയോൺ, മിലൻ ,നിഖിൽ, ട്രാൻസ്പോർട്ടേഷൻ ബിജു തോട്ടത്തിൽ, റജി കോട്ടയം, വിനോദ് ചെറിയാൻ റാന്നി, അനൗൺസ്മെൻ്റ് – ഷാജി പുളിമൂട്ടിൽ , ജോൺസൺ എന്നിവർക്കും അവതാരികയായി ഹൂസ്റ്റൺ ചാലഞ്ചേർസ് ക്ലബിനോട് സഹകരിച്ച ലക്ഷ്മി പീറ്റർ ക്കും ക്ലബിൻ്റെ പേരിൽ പ്രസിഡൻ്റ് ജോസ് കുന്നത്ത് നന്ദി പറഞ്ഞു.
ഇനിയും യുവാക്കൾക്കായുള്ള മത്സരങ്ങളും കുട്ടികൾക്കായുള്ള കോച്ചിങ് ക്യാമ്പുമൊക്കെയായി വോളീബോൾ എന്ന കളിയിലേക്ക് കൂടുതൽ പേരെ കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെക്രട്ടറി തോമസ് ജോർജ് പറഞ്ഞു.