സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ചു; ബഹുമുഖ കർമപദ്ധതിക്ക് തുടക്കമിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ബഹുമുഖ കർമ്മ പദ്ധതിക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നിന് എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കും.

ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്‌കൂളിന് സമീപത്തെ കടകളിൽ ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഉൾപ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കണം. വിവിധ സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഉൾപ്പെടെ എല്ലാവരും ക്യാമ്പയിനിൽ അണിചേരണം.

ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ-വാർഡിൽ വരെ രൂപീകരിക്കും. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് അധികം.മാരക വിഷവസ്‌തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്നു. സർക്കാർ തലത്തില്‍ നിയമം നടപ്പാക്കാൻ നടപടിയെടുക്കും. എന്നാല്‍, അതുകൊണ്ട് മാത്രം ലക്ഷ്യം പൂർണമാകില്ല. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തമായ പഴുതില്ലാത്ത പദ്ധതി വേണം.

ലഹരി സാമൂഹ്യ വിപത്താണ്. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെയാണ് കാണുന്നത്. നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടെയും വീഡിയോകളുടെയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും അതോടനുബന്ധിച്ചു സംഘടിപ്പിക്കും. ബസ് സ്റ്റാന്‍ഡുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടത്തും. ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

2022ല്‍ സെപ്‌റ്റംബര്‍ 15 വരെയുള്ള കണക്കുപ്രകാരം 16,986 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 2020ല്‍ 5,674 പേരെയും 2021ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്‌തിരുന്നു. 2022ല്‍ 18,743 പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. വ്യാപാര ആവശ്യത്തിനായി എത്തിച്ച 1,364.49 കിലോഗ്രാം കഞ്ചാവും 7.7 കിലോഗ്രാം എംഡിഎംഎയും 23.73 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ സംസ്ഥാനതലത്തില്‍ കേരള ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ജില്ല തലത്തില്‍ ഡിസ്ട്രിക്‌റ്റ് ആന്‍റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കൂടാതെ, എല്ലാ സ്റ്റേഷന്‍ പരിധിയിലും എല്ല മാസവും രണ്ട് ആഴ്ച എന്‍ഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവും നടത്തി വരുന്നുണ്ട്. നര്‍ക്കോട്ടിക് കേസുകളില്‍ പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുക, കാപ്പ രജിസ്റ്റര്‍ മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അവ ശക്തമായി നടപ്പാക്കും.

ഇതിനായി വരും ദിവസങ്ങളിൽ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. എൻ‌ഡി‌പി‌എസ് നിയമത്തിലെ സെക്ഷൻ 34 പ്രകാരം, കുറ്റം ആവർത്തിക്കാതിരിക്കാനുള്ള ബോണ്ട് പുറപ്പെടുവിക്കും. കൂടാതെ, മയക്കുമരുന്ന് കടത്തിൽ സ്ഥിരമായി ഉൾപ്പെടുന്നവരെ പിഐടി എൻ‌ഡി‌പി‌എസ് ആക്‌റ്റ് പ്രകാരം റിമാൻഡ് ചെയ്യും. ട്രെയിനുകൾ വഴിയുള്ള കള്ളക്കടത്ത് തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും.

ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവരെ നേർവഴിയിൽ കൊണ്ടുവരാൻ പൊലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘യോദ്ധ’ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പാക്കും.

ഇത്തരം നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിയമസഭയിൽ വ്യക്തമാക്കി. അവ നടപ്പാക്കുന്നതിനായി മുഖ്യമന്ത്രിതലത്തിലും മന്ത്രിതലത്തിലും തുടർച്ചയായ ആലോചനകൾ ഇതിനകം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News