ദർഭംഗ: ബിഹാറിലെ ദർഭംഗ ജില്ലയിൽ ക്ഷേത്രപരിസരത്ത് ഗോമാംസം കൊണ്ടുവന്നുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ അറസ്റ്റു ചെയ്തു. ജില്ലയിലെ ഘൻശ്യാംപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാംസത്തിന്റെ സാമ്പിളുകൾ അന്വേഷണത്തിനായി എടുത്തിട്ടുണ്ടെന്നും ഇത് ബീഫ് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ ബിജെപി എംഎൽഎ, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസില്‍ നിന്ന് കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഘൻശ്യാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലി ഗ്രാമത്തിൽ റോഡരികിലുള്ള ഹനുമാൻ ക്ഷേത്ര കാമ്പസിലെ ഹാൻഡ് പമ്പിൽ നിന്ന് ഇറച്ചി നിറച്ച ചാക്ക് നനയ്ക്കുന്നതിനിടെയാണ് മജീദ് ആലം എന്ന യുവാവിനെ പിടികൂടിയത്. ദർഭംഗയിലെ അലിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ രൂപസ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ് മജീദ് ആലം എന്നാണ് സൂചന. ചാക്കിൽ ഇറച്ചി നിറച്ച് മോട്ടോർ സൈക്കിളിൽ മജീദ് ആലം സഞ്ചരിക്കുകയായിരുന്നെന്നും, ഇയാളുടെ നീക്കത്തിൽ സംശയം തോന്നിയ നാട്ടുകാർ മോട്ടോർ സൈക്കിള്‍ നിര്‍ത്തിച്ച് യുവാവിനെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും ഗ്രാമവാസികൾ പറയുന്നു.
ചാക്കിനുള്ളിൽ ഇറച്ചിയുണ്ടായിരുന്നതായാണ് വാർത്ത. തുടർന്ന് നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റസമ്മതം നടത്തി. തുടർന്ന് നാട്ടുകാർ ഘൻശ്യാംപൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയും നാട്ടുകാരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജനങ്ങളുടെ പരാതിയിൽ ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും മാംസക്കഷണത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പ്രദേശത്തെ എസ്‌ഡിപിഒ മനീഷ് ചന്ദ്ര ചൗധരി പറഞ്ഞു.