പ്രളയക്കെടുതിയിൽ വാസയോഗ്യമല്ലാത്ത രീതിയിൽ വീട് തകർന്നുപോയ വീട് പുനർനിർമ്മിച്ചു നൽകി ഏരിസ് ഗ്രൂപ്പ്. നവീകരിച്ച വീടിന്റെ താക്കോൽ, ഏരിസ് ഗ്രൂപ്പ് സി ഇ ഒയും സ്ഥാപക ചെയർമാനുമായ ഡോ. സോഹൻ റോയ് കൈമാറി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രഭിരാജ് നടരാജൻ ചടങ്ങിൽ സംബന്ധിച്ചു.
ചെങ്ങന്നൂർ കല്ലേലിൽ ഇടനാട് പുത്തൻകാവ് സ്വദേശിനി സ്വപ്നലേഖയ്ക്കാണ് പ്രളയത്തിൽ വീട് മുങ്ങിപ്പോയതിനെത്തുടർന്ന് കിടപ്പാടം നഷ്ടമായത്. ആറ് പേർ അടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് സ്ഥാപനത്തിന്റെ കേരളാ ഘടകം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തോമസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ഏരീസ് ഗ്രൂപ്പ് ഉദ്യോഗസ്ഥനായ ജെസനും ചേർന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സ്ഥാപനത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽപ്പെടുത്തി പണികൾ പൂർത്തിയാക്കുകയായിരുന്നു.
പ്രളയ സമയത്തും നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും വെന്റിലേറ്ററുകൾ, മാസ്ക്, എന്നിവ വിതരണം ചെയ്യുകയും ജനകീയ അടുക്കളകൾക്ക് ആവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
പതിനാറോളം രാജ്യങ്ങളിൽ ബ്രാഞ്ചുകളും കമ്പനികളും ജീവനക്കാരുള്ള സ്ഥാപനമാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. സാമുദ്രിക വിപണിയിലെ പല മേഖലകളിലും ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കരസ്ഥമാക്കിയിട്ടുണ്ട്. ഒപ്പം, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ഹോം തിയേറ്റർ നിർമ്മാണം, മൾട്ടിപ്ലക്സ് തിയേറ്റർ, പ്രൊഡക്ഷൻ സ്റ്റുഡിയോ എന്നീ മേഖലകളിലും ഗ്രൂപ്പ് മുതൽമുടക്കിയിട്ടുണ്ട്.