പി‌എഫ്‌ഐയെ അഞ്ചു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; അനുബന്ധ സംഘടനകൾക്കെതിരെ കർശന നടപടി

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തേക്കാണ് പിഎഫ്ഐയെ നിരോധിച്ചത്. കേന്ദ്രം ഏർപ്പെടുത്തിയ ഈ വിലക്കിൽ, വിവാദ ഇസ്ലാമിസ്റ്റ് സംഘടനയുടെ എല്ലാ അനുബന്ധ സ്ഥാപനങ്ങളും എല്ലാ മുന്നണികളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

പി‌എഫ്‌ഐയെ കൂടാതെ, അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), ഓൾ ഇന്ത്യ ഇമാം കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ (കേരളം) എന്നിവയും തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം നിരോധിച്ചു. സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്‌ട്രീയ സംഘടനയായി പിഎഫ്‌ഐ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവത്കരിക്കാനുള്ള രഹസ്യ അജണ്ടയാണ് അവർ പിന്തുടരുന്നതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

പിഎഫ്ഐ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ ഏജൻസികൾ പിഎഫ്ഐക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്നു. ഇഡിയും എൻഐഎയും രാജ്യത്തുടനീളമുള്ള പിഎഫ്ഐയുടെ നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി, ഇതിനെത്തുടർന്ന് ഒന്നിലധികം സ്ഥലങ്ങളിൽ പിഎഫ്ഐ പ്രവർത്തകരുടെയും അനുഭാവികളുടെയും വലിയ പ്രതിഷേധമുണ്ടായി.

പിഎഫ്ഐയുടെ പ്രവർത്തനം ജനാധിപത്യ സങ്കൽപ്പങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്നും ഭരണഘടനാപരമായ അധികാരത്തോടും രാജ്യത്തിന്‍റെ ഭരണഘടന സജ്ജീകരണത്തോടും തികഞ്ഞ അനാദരവ് പ്രകടപ്പിക്കും വിധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്‌ക്കും വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ പൊതുസമാധാനത്തിനും സാമുദായിക സൗഹാർദത്തിനും ഭംഗം വരുത്തുന്നതും ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതുമാണ് പിഎഫ്ഐയുടെ പ്രവർത്തനങ്ങളെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ചൊവ്വാഴ്ചയും പിഎഫ്ഐക്കെതിരായ സർക്കാർ നടപടി തുടർന്നു. ഇന്നലെ, ഏഴ് സംസ്ഥാനങ്ങളിലെ ലോക്കൽ പോലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡുകളും പിഎഫ്‌ഐയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 170 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരിൽ പലരെയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു.

നിരോധിത സംഘടനകളുമായി ബന്ധം: പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് ഓഫ് ഇന്ത്യയുടെ (SIMI) നേതാക്കളാണെന്നും പിഎഫ്ഐക്ക് ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശുമായി (JMB) ബന്ധമുണ്ടെന്നും ഇവ രണ്ടും നിരോധിത സംഘടനകളാണെന്നും അതിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) പോലുള്ള ആഗോള ഭീകര സംഘടനകളുമായി പിഎഫ്ഐക്ക് അന്താരാഷ്‌ട്ര തലത്തിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് അരക്ഷിതാവസ്ഥ ഉയർത്തി ഒരു സമുദായത്തെ സമൂലവത്കരിക്കാൻ പിഎഫ്ഐയും അനുബന്ധ സംഘടനകളും മുന്നണികളും രഹസ്യമായി പ്രവർത്തിക്കുകയാണെന്നും ചില പിഎഫ്ഐ കേഡർമാർ അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ചേർന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ദേശീയ അന്വേഷണ ഏജൻസിയും (NIA) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും (ED) സംസ്ഥാന പൊലീസ് സേനയും സംയുക്തമായി ഇന്ത്യയിലുടനീളമുള്ള പിഎഫ്‌ഐ നേതാക്കളുടെയും അംഗങ്ങളുടെയും വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലായി 93 ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 100ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു.

വിവിധ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പിഎഫ്‌ഐക്കും അതിന്‍റെ നേതാക്കൾക്കും അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ കുറെയേറെ വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2006ലാണ് കേരളത്തിൽ പിഎഫ്ഐ ആരംഭിച്ചത്.

തിങ്കളാഴ്ച രാത്രി മുതലാണ് പിഎഫ്ഐക്കെതിരെ എൻഐഎ റെയ്ഡ് ആരംഭിച്ചത്. വ്യാഴാഴ്ച പിഎഫ്ഐക്കെതിരെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളും അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും സംസ്ഥാനങ്ങൾക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ തിങ്കൾ-ചൊവ്വാഴ്‌ച അർദ്ധരാത്രി പിഎഫ്‌ഐയ്‌ക്കെതിരെ ലോക്കൽ പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളും ഒരേസമയം റെയ്ഡ് നടത്തി.

Print Friendly, PDF & Email

Leave a Comment

More News