ന്യൂയോർക്ക് : ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ് കിരീടം സ്വന്തമാക്കി. മെൻസ് ഡബിൾസ് കിരീടം ഡെലവെയർ വാലി സ്‌പോർട്സ് ക്ലബ്ബിലെ ബിൻസൺ-ബിനു സഖ്യം നേടി. വാശിയേറിയ മത്സരത്തിൽ റോക്‌ലാൻഡ് ബാഡ്‌മിന്റൺ ക്ലബ്ബിലെ അനീഷ്-സിജോ സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 മണിയോടാരംഭിച്ച മത്സരം വൈകുന്നേരം 7 മണിയോടെ സമാപിച്ചു.
അഞ്ചു വയസ്സു മുതൽ 65 വയസ്സുവരെയുള്ള കായികതാരങ്ങൾ പങ്കെടുത്ത ഈ കായികമാമാങ്കത്തിൽ 126 മത്സരങ്ങൾ നടത്തിക്കൊണ്ടു ചരിത്രം തന്നെ സൃഷ്ടിക്കപ്പെട്ടു. ശാലേം ഹെഡ്‌ജ്, ശാലേം ടൈറ്റൻസ്, ശാലേം നൈറ്റ്‌സ്, ശാലേം ക്യാപിറ്റൽസ് എന്നിങ്ങനെ നാല് ടീമുകളായിരുന്നു ലീഗിൽ പങ്കെടുത്ത ടീമുകൾ. ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് വർണ്ണാഭമായിരുന്നു. ശാലേം യുവജന സഖ്യം പ്രസിഡന്റ് റവ. വി.ടി.തോമസിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ തോമസ് ബിജേഷ് സ്വാഗതം ആശംസിച്ചു. ടൂർണമെൻറ് ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് ഉദ്‌ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം ആശംസയറിയിച്ചു.
റവ. ജോൺസൻ പി. ഏബ്രഹാം, റവ. ഷാജി കൊച്ചുമ്മൻ, സ്‌പോൺസർമാരായ സലിം ചൗധരി, ജോൺ വര്‍ഗീസ്, ജിജോ അലക്സ്, സീമ ബിജേഷ്, ടീം ഉടമസ്ഥരായ ഡോ. മാത്യു ജോർജ്, ഡോ. ജെസ്സ് ജേക്കബ്, ടീന അലക്സാണ്ടർ, ടീം മാനേജർ സണ്ണി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്നു നടന്ന ടീമുകളുടെ മാർച്ച്-പാസ്റ്റും കലാപരിപാടികളും ആസ്വാദ്യകരമായിരുന്നു. തോമസ് ബിജേഷ് ക്യാപ്റ്റന്മാർക്കു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വിജയ ടീമിനുവേണ്ടി ക്യാപ്റ്റൻ ഹാപ്പി മാത്യു ശാലേം കപ്പ് സ്വീകരിച്ചു. സമ്മാനദാനങ്ങൾക്കു ശേഷം പങ്കെടുത്തയെല്ലാവർക്കും ശാലേം യുവജന സഖ്യം സെക്രട്ടറി ദിലീപ് മാത്യു നന്ദി അറിയിച്ചു.