ന്യൂയോര്‍ക്ക്: കഴിഞ്ഞ വർഷം താലിബാൻ രാജ്യം കൈയടക്കിയതിന് ശേഷം അമേരിക്കൻ സർക്കാർ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്ത അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക സ്വത്തുക്കൾ വിട്ടുനൽകണമെന്ന് ചൈനയും റഷ്യയും യുഎസിനോട് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയും അഫ്ഗാൻ ജനതയുടെ മാനുഷിക ദുരിതവും ലഘൂകരിക്കാൻ സഹായിക്കുന്നതിന് മരവിപ്പിച്ച സ്വത്തുക്കൾ “പൂർണ്ണമായും” വേഗത്തില്‍ തിരികെ നൽകണമെന്ന് യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി അംബാസഡർ ഗെങ് ഫുങ് യുഎൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു.
“മോഷ്ടിച്ച സ്വത്തുക്കൾ” യുഎസ് ഉടൻ അഫ്ഗാൻ ജനതയ്ക്ക് തിരികെ നൽകണമെന്ന് യു.എന്നിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡർ അന്ന എവ്സ്റ്റിഗ്നീവയും ആവശ്യപ്പെട്ടു.
“സംഘർഷാനന്തര വീണ്ടെടുപ്പിനും സാമ്പത്തിക വികസനത്തിനും ആഗോള സമൂഹം അഫ്ഗാനിസ്ഥാനെ സഹായിക്കുകയും മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും പഴയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നില്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ ശാശ്വത സമാധാനം സാധ്യമല്ല,” എവ്സ്റ്റിഗ്നീവ കൂട്ടിച്ചേർത്തു.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ന്യൂയോർക്കിലെ 9 ബില്യൺ ഡോളറിന്റെ അഫ്ഗാൻ സാമ്പത്തിക കരുതൽ ശേഖരം അമേരിക്ക മരവിപ്പിച്ചിരുന്നു. പിന്നീട്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 7 ബില്യൺ ഡോളർ മോചിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെയ്ക്കുകയും ചെയ്തു. 2001 സെപ്തംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഇരകൾക്കുള്ള ഫണ്ടാണ് തങ്ങള്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് യു എസ് പറയുന്നത്.
സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായി സ്ഥാപിതമായ അഫ്ഗാൻ ഫണ്ടിലേക്ക് അഫ്ഗാനിസ്ഥാന്റെ സെൻട്രൽ ബാങ്കിൽ നിന്ന് 3.5 ബില്യൺ ഡോളർ ഫ്രീസു ചെയ്‌ത ഫണ്ടിലേക്ക് മാറ്റുമെന്ന് അടുത്തിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. താലിബാൻ വിദേശകാര്യ മന്ത്രാലയം പദ്ധതിയെ അപലപിച്ചു. ഇത് “സ്വീകാര്യമല്ല” എന്നും “അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനം” എന്നും വിശേഷിപ്പിച്ചു. ദാരിദ്ര്യത്താൽ വലയുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് അഫ്ഗാൻ വ്യാപാരികൾക്ക് അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് യുഎസ് കരുതൽ ശേഖരം വിട്ടുനല്‍കണമെന്നും സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നുമുള്ള ആവശ്യം പുതുക്കി.
“കഴിഞ്ഞ വർഷം നിരവധി രാജ്യങ്ങള്‍ മരവിപ്പിച്ച അഫ്ഗാനിസ്ഥാന്റെ സ്വത്തുക്കൾ അഫ്ഗാൻ ജനതയുടേതാണെന്ന് വിശ്വസിക്കുന്നതായി പറഞ്ഞു. അത് വിട്ടുകിട്ടാനുള്ള വഴികൾ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തണം. ഫണ്ടുകൾ അവരുടെ പ്രയോജനത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കണം,” ബുധനാഴ്ച, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
“അത്തരത്തിലുള്ള എല്ലാ ഫണ്ടുകളും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് നിർണായകമാണ്, അന്താരാഷ്ട്ര ഉപരോധങ്ങളെ മാനിച്ച് പണം അനധികൃത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്,” ഡുജാറിക് കൂട്ടിച്ചേർത്തു.
അഫ്ഗാൻ സാമ്പത്തിക സംവിധാനങ്ങളുടെ ഒറ്റപ്പെടലും മറ്റ് ഉപരോധങ്ങളും അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയുടെ വക്കിലേക്ക് തള്ളിവിട്ടു. ഇത് ഏകദേശം 40 ദശലക്ഷം ആളുകളുള്ള രാജ്യത്ത് ഇതിനകം മോശമായ മാനുഷിക പ്രതിസന്ധിയെ ആഴത്തിലാക്കുന്നുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. യുഎൻ കണക്കുകൾ പ്രകാരം ഏതാണ്ട് മുഴുവൻ അഫ്ഗാൻ ജനതയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.