ഹൂസ്റ്റൺ: ഫ്രണ്ട് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്നതും ശ്രദ്ധേയവുമായ പരിപാടികളോടെ കേരളത്തിന്റെ ആഘോഷങ്ങളുടെ ആഘോഷമായ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഒക്ടോബർ 2 ഞായറാഴ്ച മിസ്സോറി സിറ്റിയിലുള്ള അപ്ന ബസാർ ഹാളിൽ തയ്യാറാക്കപ്പെട്ട വേദിയിൽ ജനമനസ്സുകളിൽ ആഹ്‌ളാദം നിറച്ചു കൊണ്ട് പ്രവേശനം ചെയ്ത മഹാബലിയും തിരുവല്ലയുടെ തരുണീമണികൾ അവതരിപ്പിച്ച തിരുവാതിരയും തിരുവല്ലയുടെ പുത്രൻ ഷിനു ജോസെഫിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഓണപ്പാട്ടുകളും ഒരു ഉത്സവ പ്രതീതി ഉളവാക്കി. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.,
മഹാബലിയും വിശിഷ്ടാതിഥികളും സദസ്സിലേക്കാനയിക്കപ്പെട്ടത്തോടെ പരിപാടികൾക്ക് തുടക്കമായി. മുഖ്യാതിഥി മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനും ഹൂസ്റ്റണിലെ ആസ്ഥാന മാവേലിയായി അറിയപ്പെടുന്ന റെനി കവലയിലിനും വന്നുകൂടിയവർക്കും സെക്രട്ടറി സുജ കോശി സ്വാഗതമാശംസിച്ചു.
പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ തിരുവല്ലക്കാരുടെ ഒത്തുചേരലിന്റെ ആവശ്യവും കൂടിച്ചേരലിന്റെ പ്രത്യേകതയും ഊന്നിപ്പറഞ്ഞു. തിരുവല്ലക്കാർ എന്നത് ഒരു സ്ഥലത്തെ ആളുകൾ എന്നതൊഴിച്ചാൽ ഒരു വികാരമാണെന്നും അത് കൂടുതൽ വെളിപ്പെടുന്നത് പരസ്പരം സഹകരണത്തിലും സ്നേഹത്തിലുമുള്ള ഒരു ഒന്നിക്കലിനോടൊപ്പം നാടിൻറെ പ്രത്യേക ആവശ്യങ്ങളിൽ കൂടെ നിൽക്കുക എന്നതും കൂടിയാണെന്ന് ഓർമിപ്പിച്ചു. കോവിഡ് കാലങ്ങളിൽ തിരുവല്ലയിലും പരിസരങ്ങളിലും നിർധനരായ നിരവധി കുട്ടികൾക്ക് തങ്ങളുടെ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകാനായത് നമ്മുടെ ഒരുമയുടെ ലക്ഷണമാണ് എന്ന് എടുത്തു പറഞ്ഞു.
മേയർ റോബിൻ തന്റെ പ്രസംഗത്തിൽ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രവർത്തന ങ്ങൾ ശ്ലാഘനീയമാണെന്നും ഓണം പോലുള്ള ആഘോഷങ്ങൾ നമ്മളെ കൂടുതൽ പരസ്പരം സ്നേഹത്തിലും സഹകരണത്തിലും ബന്ധിപ്പിക്കുന്നു എന്ന് പറഞ്ഞു. അടുത്തു വരുന്ന പൊതു തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് രണ്ടാമതും മത്സരിക്കുന്ന റോബിൻ എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ആയി മത്സരിക്കുന്ന നെൽസ് ട്രിവർ എല്ലാവർക്കും ആശംസകൾ നേർന്നു. വന്നു കൂടിയവർക്കും വിശിഷ്ടാതിഥികൾക്കും പരിപാടികൾ സ്പോൺസർ ചെയ്തു സഹായിച്ച ബിസിനസ്‌കൾക്കും പ്രത്യേകിച്ച് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയ അപ്ന ബസാറിനും ട്രഷറർ ഉമ്മൻ തോമസ് നന്ദി പറഞ്ഞു.
ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവരും പങ്കെടുത്ത രുചികരവും വിഭവസമൃദ്ധവുമായ ഓണസദൃയോട് കൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു. ഗൃഹാതുരത്വസ്മരണകൾ ഉണർത്തിയ അവിസ്മരണീയമായ ഒരു ഓണം കൂടി ആഘോഷിക്കുന്നതിന് അവസരം ഒരുക്കിയ ഭാരവാഹികളെ ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തവരും മുക്തകണ്ഠം പ്രശംസിച്ചു.